ശബരിമലയിൽ പോയി അയ്യപ്പനെ തൊഴുക എന്ന ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് നടിമാരായ പാർവതിയും മേനകയും. മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്ന സമയത്താണ് ഇരുവരും സന്നിധാനത്ത് ദർശനത്തിനെത്തിയത്. ജയറാമിനൊപ്പമായിരുന്നു പാർവതി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ജയറാം തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ശ്രീകോവിലിനു മുന്നിൽ ജയറാമിനൊപ്പം പ്രാർത്ഥിക്കുന്ന പാർവതിയേയും ചിത്രത്തിൽ കാണാം.
അതേസമയം, വിഷു ദിനത്തിൽ അയ്യപ്പനെ കാണാൻ നടൻ യോഗി ബാബുവിനൊപ്പമാണ് നടി മേനക സുരേഷ് സന്നിധാനത്തെത്തിയത്. ഗോകുൽ സുരേഷ് നായകനാവുന്ന ‘സന്നിധാനം പി ഒ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മേനക വ്രതമെടുത്ത് ഇരുമുടികെട്ടുമായാണ് മേനക ദർശനത്തിനെത്തിയത്.
ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് സന്നിധാനം പിഒ. രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുൽ സുരേഷിനൊപ്പം യോഗി ബാബു, പ്രമോദ് ഷെട്ടി, ഋതിക്, മിത്ര കുര്യൻ, മേനക സുരേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിനൊപ്പം തമിഴിലും ചിത്രം റിലീസിനെത്തും. രാജേഷ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ്, വിവികെ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ മധു റാവു, ഷബീർ പത്താൻ, വി വിവേകാനന്ദൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.