സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും അതിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും നടി പാർവ്വതി. അർജുൻ റെഡ്ഡി/കബീർ സിങ് എന്നീ സിനിമകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിൾ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പാർവ്വതി വ്യക്തമാക്കി.
‘അർജുൻ റെഡ്ഡി’ നായക കഥാപാത്രത്തെ ന്യായീകരിക്കുമ്പോൾ ‘ജോക്കർ’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്ന് പാർവ്വതി പറഞ്ഞു. ‘ജോക്കർ’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ നിങ്ങൾ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ലെന്നും പാർവ്വതി പറഞ്ഞു.
ഒരു സിനിമ സ്ത്രീ വിരുദ്ധമായിരിക്കണോ അക്രമത്തെ പ്രോത്സാഹിപ്പിക്കണോ എന്ന കാര്യം തീർത്തും സംവിധായകന്റേയും എഴുത്തുകാരന്റേയും തീരുമാനമാണ്. എന്നാൽ അതിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്കുണ്ടെന്നും അഭിനേതാക്കൾക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും പാർവ്വതി പറഞ്ഞു.
എന്നാൽ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിജയ് ദേവരകൊണ്ടയാണ്. സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ താൻ പരിഗണിക്കുകയെന്നും വിജയ് പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് കുടുംബവും, രക്ഷിതാക്കളും, അധ്യാപകരും സുഹൃത്തുക്കളും, സമൂഹവുമൊക്കെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും റൗണ്ട് ടേബിളിൽ പങ്കെടുത്തുകൊണ്ട് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ ഒരു കഥാപാത്രം ഇഷ്ടപ്പെട്ടാൽ അത് ചെയ്യാനുള്ള കാരണങ്ങൾ താൻ തന്നോട് തന്നെ ന്യായീകരിക്കുമെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
പരസ്പരം വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കമിതാക്കൾ ഉണ്ടായിരിക്കും. അവരെ പോലുള്ളവർക്ക് അർജുൻ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോൾ പ്രശ്നം ഉണ്ടാകില്ല. എന്നാൽ മാതാപിതാക്കൾ വഴക്കിടുന്നത് കണ്ടു വളരുന്ന കുട്ടികളെ ചിലപ്പോൾ അത് പേടിപ്പെടുത്തും. അതുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമകൾ തനിക്ക് ചെയ്യാനാകില്ലെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു.
എന്നാൽ നമ്മുടെ രാജ്യത്ത് ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് സിനിമ എന്ന മാധ്യമത്തിന് ഉണ്ടെന്ന പാർവ്വതിയുടെ വാദത്തോട് ദീപിക പദുക്കോണും യോജിച്ചു. സിനിമ മാത്രമാകില്ല നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുക. നിങ്ങൾ വളർന്ന രീതി, നിങ്ങളുടെ വിദ്യാഭ്യാസം, സുഹൃത്തുക്കൾ എല്ലാവരും സ്വാധീനിക്കും. എന്നാൽ സിനിമയും ക്രിക്കറ്റും ആളുകളിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണെന്ന് ദീപിക പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ സമൂഹത്തോട് ഉത്തരവാദിത്തം പുലർത്തുന്നതാകണോ അല്ലയോ എന്നത് തീർത്തും ഒരു അഭിനേതാവിന്റെ തീരുമാനവും ഇഷ്ടവുമാണ്. എന്നാൽ സിനിമയ്ക്ക് വലിയ സ്വാധീന ശക്തി ഉണ്ടന്ന കാര്യം നിഷേധിക്കാൻ നിങ്ങൾക്കാവില്ല എന്നായിരുന്നു ദീപികയുടെ അഭിപ്രായം. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പല സിനിമകളും സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും ദീപിക പറഞ്ഞു.