മലയാള സിനിമയിൽ വ്യത്യസ്‌തവും ശക്തവുമായ വേഷത്തിലൂടെ പ്രേക്ഷക മനം കീഴടക്കി കൊണ്ടിരിക്കുകയാണ് പാർവ്വതി.  എന്നാല്‍ മലയാള സിനിമയിൽ മാത്രമൊതുങ്ങുന്നതല്ല   അവരുടെ  സാന്നിധ്യം.

ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നൊരു ബ്രേക്കെടുത്ത് പാർവതി പോയത് അന്യ ഭാഷയിലേക്കാണ്.  അത് കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് മാത്രമല്ല, തമിഴ്, കന്നട സിനിമാക്കാർക്കും പ്രിയങ്കരിയാണ് പാർവ്വതി.

2007ൽ മിലാന എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു പാർവ്വതിയുടെ അന്യ ഭാഷാ   അരങ്ങേറ്റം. കന്നടയിൽ വൻവിജയം നേടിയ ചിത്രമായിരുന്നു മിലാന. പുനീത് രാജ് കുമാറിനൊപ്പമായിരുന്നു ആ ചിത്രം. പാർവ്വതിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രത്തിനിണങ്ങിയ താരമെന്ന് പാർവ്വതിയ്‌ക്ക് അഭിനന്ദനങ്ങൾ കിട്ടിയ വേഷമായിരുന്നു മിലാനയിലേത്. മാലേ ബരാലി മഞ്‌ജു ഇരാലി (2009), പൃഥ്വി (2009), അന്തർ ബാഹർ (2013) തുടങ്ങിയ കന്നട ചിത്രത്തിലും പാർവ്വതി അഭിനയിച്ചിരുന്നു.

Read More: പ്രതിഭ പകർന്നാടുന്ന പാർവ്വതിയുടെ കഥാപാത്രങ്ങൾ

പക്ഷേ പാർവ്വതിയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചതിൽ തമിഴ് സിനിമകൾക്ക് വലിയൊരു പങ്കുണ്ട്. ശശി സംവിധാനം ചെയ്‌ത പൂ എന്ന മനോഹരമായ ചിത്രത്തിലൂടെയായിരുന്നു പാർവ്വതിയുടെ തമിഴ് അരങ്ങേറ്റം. കണ്ണ് നനയാതെ കണ്ടിരിക്കാനാവാത്ത ചിത്രമായിരുന്നു പൂ. ശ്രീകാന്ത് നായകനായെത്തിയ ചിത്രത്തില്‍ മാരി എന്ന തമിഴ് നാടൻ പെൺകുട്ടിയായാണ് പാർവ്വതിയെത്തിയത്. പാർവ്വതിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാരിയെ വിലയിരുത്താം. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പുതിയൊരു ലോകമാണ് മാരി (പാർവതി) പൂ എന്ന ചിത്രത്തിലൂടെ തീർത്തത്. വ്യത്യസ്‌തമായ രൂപത്തിലാണ് പാർവ്വതി സിനിമയിലെത്തിയതും.

Read More:സിനിമയെ ആരും ജെൻഡർ വച്ച് കാണരുത്

രാജേഷ് പിളള സംവിധാനം ചെയ്‌ത ട്രാഫിക്കിന്റെ തമിഴ് പതിപ്പായ ചെന്നൈയിൽ ഒരു നാൾ എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു പാർവ്വതി. അദിതി എന്ന കഥാപാത്രമായാണ് പാർവ്വതി വെളളിത്തിരയിലെത്തിയത്. പിന്നീട് തമിഴ് സിനിമാ പ്രേക്ഷകർ പാർവ്വതിയെ കണ്ടത് പനിമലരായിരുന്നു. മരിയാൻ എന്ന ചിത്രത്തിൽ ധനുഷിനോടൊപ്പം. മരിയാനിലെ പാർവ്വതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു പക്ഷേ മലയാളി പ്രേക്ഷകരും പാർവ്വതിയെ കണ്ട് ഞെട്ടിയത് മരിയാനിലെ വേഷത്തോടെയായിരിക്കും. ബാംഗ്ളൂർ ഡേയ്സിന്റെ തമിഴ് പതിപ്പിലും സെറയെന്ന വേഷത്തിൽ പാർവ്വതി അഭിനയിച്ചിരുന്നു. കൂടാതെ വസന്ത് ഒരുക്കുന്ന ഒരു തമിഴ് ചിത്രത്തിലും പാർവ്വതി അഭിനയിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ പ്രിയ നായിക. ഇർഫാൻ ഖാന്റെ നായികയായിട്ടാണ് ബോളിവുഡിലെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് പാർവ്വതി. ഈ വർഷമവസാനമേ ഈ ചിത്രം തിയേറ്ററിലെത്തൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ