പാർത്ഥിപൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഇരവിൻ നിഴൽ’. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സിനിമയുടെ സംഗീത സംവിധായകൻ എ.ആർ.റഹ്മാനും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽവച്ച് ദേഷ്യം നിയന്ത്രിക്കാനാവാതെ മൈക്ക് എറിഞ്ഞ പാർത്ഥിപന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സ്റ്റേജിലിരുന്ന് പാർത്ഥിപനും എ.ആർ.റഹ്മാനും സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ, പാർത്ഥിപൻ കയ്യിൽ പിടിച്ചിരുന്ന മൈക്ക് ശരിയായി പ്രവർത്തിച്ചില്ല. അപ്പോൾ, സ്റ്റേജിനു സമീപമുണ്ടായിരുന്ന റോബോ ശങ്കർ മൈക്ക് പാസ് ചെയ്യാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ദേഷ്യത്താൽ നിയന്ത്രണം വിട്ട പാർത്ഥിപൻ മൈക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. പാർത്ഥിപന്റെ ഈ പ്രവൃത്തി എ.ആർ.റഹ്മാനെയും കാണികളെയും ഒന്നടങ്കം ഞെട്ടിച്ചു.
പിന്നീട്, താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിയ പാർത്ഥിപൻ ക്ഷമ ചോദിക്കുകയും ചെയ്തു. താൻ വളരെയധികം സമ്മർദ്ദത്തിലായിരുന്നുവെന്നും അതിനാലാണ് ദേഷ്യത്താൽ അങ്ങനെ ചെയ്തതെന്നും പാർത്ഥിപൻ വ്യക്തമാക്കി.
സിംഗിൾ ഷോർട്ട് ഫിലിമാണ് ഇരവിൻ നിഴൽ. വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിഗിദ സാഗ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: ആരാധകർക്കൊപ്പം സിനിമ കാണാൻ നയൻതാരയും വിഘ്‌നേഷും തിയേറ്ററിൽ; ചിത്രങ്ങൾ