കന്നത്തിൽ മുത്തമിട്ടാൾ എന്ന ഒരൊറ്റ സിനിമ മതി കീർത്തനയെ ഓർക്കാൻ. ആദ്യ സിനിമയിലൂടെ തന്ന നാഷനൽ അവാർഡ് സ്വന്തമാക്കിയ കൊച്ചുമിടുക്കിയാണ് പാർത്ഥിപൻ-സീത ദമ്പതികളുടെ മകൾ കീർത്തന. കന്നത്തിൽ മുത്തമിട്ടാൾ എന്ന സിനിമയ്ക്ക് ശേഷം പിന്നീട് കീർത്തനയെ സിനിമയിൽ കണ്ടിട്ടില്ല. സിനിമ വിട്ട് പഠനം തിരഞ്ഞെടുത്ത കീർത്തന വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അഭിനയത്തിലേക്കല്ല, ക്യാമറയ്ക്ക് പിന്നിലേക്കാണ് കീർത്തന എത്തിയത്.

സിനിമയിൽ ഇപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ് കീർത്തന. കാർത്തി നായകനായ മണിരത്നം സംവിധാനം ചെയ്ത കാട്ര് വെളിയിടൈ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. കീർത്തനയുടെ വിവാഹത്തെക്കുറിച്ചുളള വാർത്തയാണ് തമിഴകത്ത് നിറയുന്നത്. മാർച്ച് എട്ടിന് ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് വിവാഹം. എട്ടു തവണ നാഷനൽ അവാർഡ് നേടിയ എഡിറ്റർ ശ്രീകർ പ്രസാദിന്റെ മകൻ അക്ഷയ് ആണ് കീർത്തനയുടെ വരൻ. തമിഴിൽ വിജയ് സേതുപതി അഭിനയിച്ച ഹിറ്റ് ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തത് അക്ഷയ് ആണ്.

തമിഴ് സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെയെല്ലാം കീർത്തനയുടെ അച്ഛൻ പാർത്ഥിപൻ നേരിട്ടെത്തി ക്ഷണിച്ചിട്ടുണ്ട്. രജനീകാന്ത്, കമൽഹാസൻ, ഇളയരാജ, വിജയ് എന്നിവരെയൊക്കെ പാർത്ഥിപൻ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. താരനിബിഢമായ വിവാഹമായിരിക്കും കീർത്തനയുടേതെന്ന് ഇതിൽനിന്നും തന്നെ വ്യക്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ