Pariyerum Perumal Review: വിനായകനും കെവിനും ആവര്‍ത്തിക്കുമ്പോള്‍, ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ഞെട്ടിയിട്ടുണ്ടോ?, നമ്മുടെ നാട്ടില്‍ ഇപ്പോഴും ജാതി ഇത്ര വലിയ പ്രശ്‌നമാകുന്നുണ്ടോ എന്നോര്‍ത്ത്? ശബരിമല വിഷയത്തില്‍ പോലും സവര്‍ണതയും അവര്‍ണതയും തമ്മിലുളള ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ അതൊരു പുതിയ അറിവായും അത്ഭുതപ്പെടാന്‍ മാത്രമുള്ളതായും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ ‘സമാധാന-സുന്ദര ജീവിത’ത്തിനുള്ള അടിയായിരിക്കും ‘പരിയേറും പെരുമാള്‍’ എന്ന തമിഴ് ചലച്ചിത്രം.

ദളിത് വിരുദ്ധത ഇത്ര മാത്രം സാധാരണവത്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നും താഴേക്ക് നോക്കുന്നവരുടെ കണ്ണിലൂടെയല്ല, മറിച്ച് സമൂഹത്തിന്റെ താഴെ തട്ടില്‍, അതിന്റെ എല്ലാ വിധ വിവേചനങ്ങളും വെറുപ്പും ഏറ്റുവാങ്ങി ജീവിക്കുന്ന ദളിത് ജീവിതങ്ങളുടെ കണ്ണിലൂടെയാണ് സംവിധായകന്‍ മാരി സെല്‍വരാജ് ‘പരിയേറും പെരുമാളി’ന്റെ ജീവിതവും സംഘര്‍ഷങ്ങളും കാണിച്ചു തരുന്നത്.

ഒരിടത്ത് യോഗി ബാബുവിന്റെ കഥാപാത്രം പറയുന്നുണ്ട്, “നീ എത്ര ബഹളം വച്ചാലും നീ പറയുന്നത് ഇവിടെയുള്ള ആര്‍ക്കും മനസിലാകില്ല” എന്ന്. ദളിത് ജീവിതവും ദളിതര്‍ നേരിടുന്ന വിവേചനവുമെല്ലാം ദളിതല്ലാത്ത ഒരാള്‍ക്ക് മനസിലാക്കുന്നതിന് ഒരു പരിധിയുണ്ടെന്ന യാഥാര്‍ത്ഥ്യത്തെയാണ് ‘പരിയേറും പെരുമാള്‍’ പറഞ്ഞു വെക്കുന്നത്.

ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. അതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു കറുപ്പി എന്ന നായയെ കുറിച്ചുള്ള ഗാനം. ചിത്രത്തില്‍ കറുപ്പിയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് പോസ്റ്ററുകളും സൂചന നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ കറുപ്പി മരിക്കുകയാണ്. (നായയുടെ മരണം എന്നല്ല, നായ ചത്തു എന്നാണ് പറയുകയെന്നല്ലേ? ചിത്രം ക്ലൈമാക്‌സിലെത്തുമ്പോള്‍ അതിനുത്തരമാകും) എന്നാല്‍ കറുപ്പി ചിത്രത്തില്‍ നിന്നും ഇല്ലാതാകുന്നില്ല. ‘പരിയേറും പെരുമാളി’ന്റെ ദളിത് ബോധമായി ഒരു മെറ്റഫര്‍ കണക്കെ കറുപ്പി ചിത്രത്തിലുടനീളം ഒപ്പം തന്നെയുണ്ട്.

ഒരു സംവിധായകന്റെ മികവ് വെളിവാകുന്ന അവസരങ്ങളിലൊന്നാണ് മെറ്റഫറുകളുടെ പ്രയോഗം. ‘പരിയേറും പെരുമാളി’ല്‍ ആദ്യ സീനിലെ കുളം മുതല്‍ അവസാന ഫ്രെയിമിലെ പാല്‍ച്ചായയും കട്ടന്‍ച്ചായയും വരെ താന്‍ പറയാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയം വരച്ചു കാട്ടാന്‍ വേണ്ടി സംവിധായകന്‍ മാരി സെല്‍വരാജ്  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മരണ ശേഷം, കറുപ്പി എന്ന ‘കറുത്ത’ നായ കടന്നു വരുന്നത് ദേഹത്ത് ‘നീല’ ചായവുമായാണ്.

നീല എന്ന നിറവും അത് പ്രതിനിധാനം ചെയ്യുന്ന പൊളിറ്റിക്‌സും അവിടെയും ഇവിടേയും മെന്‍ഷന്‍ ചെയ്ത് പോവുന്നതിന് പകരം ഉച്ചത്തില്‍ പറയുക തന്നെയാണ് മാരി സെല്‍വരാജ് ചെയ്തിരിക്കുന്നത്.

സമീപകാലത്ത് തമിഴ് സിനിമയില്‍ അകത്തും പുറത്തും ഒരു പോലെ തന്റെ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വ്യക്തിയാണ് പാ രഞ്ജിത്ത്. ‘മദ്രാസ്’ മുതല്‍ ‘കാല’ വരെയുള്ള തന്റെ ചിത്രങ്ങളിലെല്ലാം രഞ്ജിത്ത് തന്റെ രാഷ്ട്രീയം മുറുക്കിപ്പിടിച്ച പാ രഞ്ജിത് നിര്‍മ്മാതാവുകയാണ് ‘പരിയേരും പെരുമാളി’ലൂടെ. രഞ്ജിത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത അവയെല്ലാം മാസ് ഓഡീയന്‍സിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഫോര്‍മാറ്റില്‍ രാഷ്ട്രീയം പറഞ്ഞു എന്നതാണ്. കൂടുതല്‍ ആളുകളിലേക്ക് തന്റെ രാഷ്ട്രീയം എത്തിക്കാനായി പാ രഞ്ജിത്ത് കണ്ടെത്തിയ ബുദ്ധിപൂര്‍വ്വമായ മാര്‍ഗ്ഗമായിരുന്നു രജനീകാന്ത്. ഇതിന്റെ മലയാളം ഉദാഹരണമാണ് ‘കമ്മട്ടിപ്പാടം’. ദുല്‍ഖര്‍ സല്‍മാനെന്ന താരത്തെ മുന്നില്‍ നിര്‍ത്തി വിനായകനിലൂടേയും മണികണ്ഠനിലൂടേയും തന്റെ രാഷ്ട്രീയം പറയുകയായിരുന്നു രാജീവ് രവി ചെയ്തത്.

എന്നാല്‍ ഈ കുറുക്കു വഴിയിലേക്ക് തിരിയാതെ, അത്ര പരിചിതരല്ലാത്ത അഭിനേതാക്കളെയാണ് മാരി സെല്‍വരാജ് ‘പരിയേറും പെരുമാളി’ല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരാള്‍ പോലും, കടുകിണ പോലും, കഥാപാത്രത്തില്‍ നിന്നും വ്യതിചലിക്കാതെ അഭിനയിച്ചിരിക്കുന്നു എന്നതാണ് ‘പരിയേറും പെരുമാളി’ന്റെ വികാരങ്ങളും വിചാരങ്ങളും ഇത്രമേല്‍ കാഴ്ച്ചക്കാരന് അനുഭവപ്പെടുന്നത്. ‘പരിയേറും പെരുമാള്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് കതിരാണ്. പരിയേറും പെരുമാള്‍ (കുതിരപ്പുറത്തേറിയ പെരുമാള്‍) എന്ന പേരില്‍ തന്നെ രാഷ്ട്രീയമുള്ള കഥാപാത്രത്തെ അതിമനോഹരമായാണ് കതിര്‍ അവതരിപ്പിച്ചിരിക്കുന്നത്.

തിരുനെല്‍വേലിയിലെ ലോ കോളേജിലേക്ക് പരിയേറും പെരുമാള്‍ എത്തുന്നത് തന്റെ നാട്ടുകാര്‍ക്ക് വേണ്ടി സംസാരിക്കാന്‍, മറ്റുള്ളവര്‍ തന്നെ കേള്‍ക്കുന്നതിന് വേണ്ട വിദ്യാഭ്യാസം നേടാനാണ്. ആരാകണമെന്ന് ചോദിച്ചാല്‍ ഡോക്ടര്‍ ആകണമെന്നാണ് പെരുമാള്‍ പറയുന്നത്. ലോ കോളേജിലെങ്ങനെ ഡോക്ടര്‍ എന്ന മറുചോദ്യത്തിന് ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ എന്നായിരുന്നു അവന്റെ ഉത്തരം. അത് വെറുമൊരു ഡയലോഗോ ചിരിക്കാനുള്ള നമ്പറോ ആയി ചിലര്‍ക്കെല്ലാം തോന്നിയേക്കാം എന്നാല്‍ അതേ അര്‍ത്ഥം ”അവരുടെ മുന്നില്‍ കൈ നീട്ടി ജീവിക്കുന്നത് എന്ന് അവസാനിക്കുന്നോ അന്നവര്‍ നമ്മളെ കേള്‍ക്കും” എന്ന വാക്കുകളിലൂടെ വീണ്ടും മാരി സെല്‍വരാജ് അടിവരയിട്ട് പറയുന്നിടത്ത് ചിത്രത്തിന്റെയും സംവിധായകന്റേയും രാഷ്ട്രീയം വ്യക്തമാകുന്നുണ്ട്.

ദളിതന്‍ എന്നും പിന്‍ബഞ്ചില്‍ മാത്രം ഇരിക്കാന്‍ വിധിക്കപ്പെട്ടവനാണ് എന്ന സവര്‍ണ ബോധത്തെയാണ് സവര്‍ണ വിദ്യാര്‍ത്ഥിയുടെ സീറ്റിലേക്ക് കടന്നിരിക്കുന്നിടത്ത് പെരുമാളും മാരി സെല്‍വരാജും ഡിസ്റ്റര്‍ബ് ചെയ്യുന്നത്.

ആനന്ദി അവതരിപ്പിച്ചിരിക്കുന്ന പരിയേറും പെരുമാളിന്റെ കുട്ടുകാരിയായ ജോയും ഒരു പ്രതീകമാണ്. ജോയ്ക്ക് ലഭിക്കുന്ന സ്വതന്ത്ര്യവും പരിയേറും പെരുമാളിന് അന്യമാകുന്ന സ്വാതന്ത്ര്യവുമാണ് ജാതി വ്യവസ്ഥ ദളിതന് സമൂഹത്തില്‍ കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന ജീവിതം. തന്റെ കൂട്ടുകാരനോട് തോന്നിയ ഇഷ്ടം തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും ജോയ്ക്കുണ്ട്. എന്നാല്‍ അങ്ങനയൊരു ഇഷ്ടം തനിക്കുണ്ടോ എന്ന് ചിന്തിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടവനായി പെരുമാള്‍ മാറുന്നു.

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ജോയ്ക്ക് പെരുമാളിനോട് പ്രണയമാണെന്ന് വ്യക്തമാണ്. എന്നാല്‍ അവസാനം വരെ പെരുമാളിന് ജോയോട് പ്രണമയുണ്ടോ അതോ തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് മാത്രമാണോ എന്ന ചോദ്യം കാണുന്നവരുടെ ഉള്ളിലും സഞ്ചരിക്കുന്നുണ്ട്. ജോയുടെ അച്ഛനാണ് ഈ ചോദ്യം പ്രേക്ഷകര്‍ക്കായി ചോദിക്കുന്നത്.”നിങ്ങളുടെ മകള്‍ ഭാഗ്യവതിയാണ്. അവള്‍ക്ക് തന്റെ ഇഷ്ടങ്ങള്‍ ഇതു പോലെ തുറന്നു പറയാനാകുന്നുണ്ട്. പക്ഷെ എനിക്ക് അങ്ങനല്ല, അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോഴേക്കും ആ ചിന്തയെ വലിച്ച് പുറത്തിട്ടു കളഞ്ഞു” എന്നാണ് അതിന് പെരുമാള്‍ നല്‍കുന്ന മറുപടി.

തന്റെ ഇഷ്ടങ്ങളില്‍ പോലും ജാതി വ്യവസ്ഥ എത്രമാത്രം ദളിതനു മേല്‍ വിലങ്ങുകള്‍ തീര്‍ക്കുന്നു എന്നത് വളരെ ഷോക്കിങ് ആയാണ് മാരി സെല്‍വരാജ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ തീവ്രത അതേപടി എത്തിക്കുന്നതില്‍ സംവിധായകനെ ഏറ്റവും കൂടുതല്‍ സഹായിച്ചിരിക്കുന്നത് സന്തോഷ് നാരായണന്റെ മ്യൂസിക്കും ശ്രീധറിന്റെ ക്യാമറയുമാണ്. സന്തോഷിന്റെ ഇതു വരെയുള്ളതില്‍ ഏറ്റവും മികച്ചതാണ് ‘പരിയേറും പെരുമാള്‍’. ചിത്രത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ശ്രീധറിന്റെ ക്യാമറ എന്നു പറയാം. നിര്‍മ്മാതാവായ പാ രഞ്ജിത്തിന്റെ സ്വാധീനവും ചിത്രത്തിലുണ്ട്.

എടുത്ത് പറയേണ്ട മറ്റൊരു വ്യക്തി കരാട്ടെ വെങ്കിടേശനാണ്. താത്ത എന്ന് വിളിക്കുന്ന വാടക കൊലയാളിയായി അദ്ദേഹം കാണുന്നവന്റെ മനസില്‍ ഭയം വിതക്കുന്നുണ്ട്. അന്യ ജാതിയില്‍ പെടുന്നവരെ പ്രണയിച്ച പെണ്‍കുട്ടികളേയും കാമുകന്മാരേയും കൊല്ലുന്നത് ദൈവകാര്യമായി കാണുന്ന താത്ത ജാതി വെറിയുടെ നേര്‍പ്പതിപ്പാണ്.

ദുരഭിമാനക്കൊല പലപ്പോഴും സിനിമകള്‍ക്ക് പ്രമേയമായിട്ടുണ്ട്. മറാഠി ചിത്രമായ ‘സൈരത്ത്’ ഒരുദാഹരണമാണ്. എന്നാല്‍ അവയില്‍ ഭൂരിപക്ഷം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ട്രാജഡിയിലല്ല ‘പരിയേറും പെരുമാള്‍’ അവസാനിക്കുന്നത്. അതേ സമയം, ദളിത് അതിക്രമങ്ങളെ, ദുരിഭാനക്കൊലകളെ, ജാതി വ്യവസ്ഥയെ നിസ്സംഗതയോടെ നോക്കി കണ്ടു കൊണ്ട് ഇതൊക്കെ എന്നെങ്കിലും മാറുമെന്ന് നെടുവീര്‍പ്പിടുന്നവരോട് സംവദിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

”നിങ്ങള്‍ നിങ്ങളായിരിക്കുന്ന കാലത്തോളം, ഞങ്ങളൊക്കെ നായകളായിരിക്കണമെന്ന് കരുതുന്നിടത്തോളം ഇതൊന്നും മാറാന്‍ പോകുന്നില്ല’,’ എന്ന പെരുമാളിന്റെ വാക്കുകളില്‍ നിന്നും ഒരു പോലെയുള്ള ഗ്ലാസുകളിലായി വച്ചിരിക്കുന്ന പാല്‍ച്ചായയിലേക്കും കട്ടന്‍ ചായയിലേക്കും മാത്രമായി ഫ്രെയിം ഒതുങ്ങിടത്തു വരെ രാഷ്ട്രീയം മാത്രം പറഞ്ഞൊരു ചിത്രമാണ് ‘പരിയേറും പെരുമാള്‍’. സമീപകാലത്ത് ഇറങ്ങിയ, ഏറ്റവും ശക്തമായ രാഷ്ട്രീയം, ഏറ്റവും ശക്തമായ രീതിയില്‍ തന്നെ പറഞ്ഞ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook