ശനിയാഴ്ച്ചയായിരുന്നു ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവച്ച് പരിനീതി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഇതാദ്യമായാണ് രാഘവുമായുള്ള ബന്ധത്തെക്കുറിച്ച് പരിനീതി മനസ്സുതുറക്കുന്നത്. “ഞാൻ പ്രാർത്ഥിച്ചത് എല്ലാം… ഞാൻ യെസ് പറഞ്ഞു” എന്നാണ് ചിത്രങ്ങൾക്കു അടികുറിപ്പായി പരിനീതി കുറിച്ചത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്.
പഞ്ചാബ് മുഖ്യമന്ത്രി സി എം ഭാഗ്വാന്ത് മൻ, പ്രിയങ്ക ചോപ്ര, മനീഷ് മൽഹോത്ര, ഡെറിക്ക് ഓ ബ്രിൻ, അഭിഷേക് മനു സിഖ്വി തുടങ്ങി സിനിമാരംഗത്തു നിന്നും രാഷ്ട്രീയത്തിൽ നിന്നും അനവധി പേർ ചടങ്ങിനെത്തി.
മുംബൈയിൽ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടത്തിനു പിന്നാലെയാണ് പ്രണയബന്ധത്തെക്കുറിച്ചുള്ള സംശയങ്ങൾ നിറഞ്ഞത്. മോഹലിയിൽ ഐപിഎൽ മത്സരം കാണാൻ ഇരുവരും ഒന്നിച്ചെത്തിയതോടെ ആരാധകർ ഈ വാർത്ത സ്ഥീരീകരിക്കുകയായിരുന്നു.
വിവാഹനിശ്ചയത്തിനു മുന്നോടിയായി പരിനീതിയുടെ വീട് ലൈറ്റുകളും മറ്റും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ചടങ്ങിനായി പരിനീതിയും രാഘവും ഡൽഹിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളും ശ്രദ്ധ നേടി. “പരിനീതിയ്ക്കും രാഘവിനും എന്റെ ആശംസകളെ”ന്ന് താരത്തിന്റെ ബന്ധുവും പ്രിയങ്ക ചോപ്രയുടെ അമ്മയുമായ മധു ചോപ്ര പിങ്ക്സ് വില്ലയോട് പറഞ്ഞു. പ്രിയങ്കയും ഇരുവർക്കും ആശംസകയറിച്ച് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
കോഡ് നെയിം: തിരാക എന്ന ചിത്രത്തിൽ പരിനീതിയുടെ നായകനായെത്തിയ ഹാർദി സാന്ദു സംശയം ശരിയാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. പരിനീതിയെ താൻ വിളിച്ച് ആശംസകൾ അറിയിച്ചെന്നാണ് പത്ര സമ്മേളനത്തിൽ താരം പറഞ്ഞത്. ആം ആത്മി പാർട്ടി എം പിയായ സഞ്ജീവ് അറോറയും ഇരുവർക്കും ആശംസകളറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
മുതിർന്ന എഎപി നേതാവും എംപിയുമാണ് രാഘവ് ഛദ്ദ. 2011 ൽ പുറത്തിറങ്ങിയ ‘ലേഡീസ് വേഴ്സസ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. ദിൽജിത്ത് ദോശനൊപ്പമുള്ള ‘ചംകീല’ ആണ് പരിനീതിയുടെ പുതിയ ചിത്രം.