നടി പരിനീതി ചോപ്രയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാവുന്നു. മെയ് 13 ന് ഡൽഹിയിൽ വച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കും. കഴിഞ്ഞ മാസം മുംബൈയിൽ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. ഇതിനെ കുറിച്ചുള്ള പരിനീതിയുടെ വിശദീകരണത്തിനായി ഇന്ത്യൻ എക്സ്പ്രസ്.കോം അവരുടെ പ്രതിനിധിയുമായി സംസാരിച്ചു.
മുംബൈയിൽ വച്ചു കണ്ടതിനു പിന്നാലെ മറ്റു സ്ഥലങ്ങളിൽ വച്ചും ആരാധകർ ഇരുവരെയും കണ്ടിരുന്നു. പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു ആരാധകർ. സിറ്റാഡെൽ എന്ന സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയങ്ക നാട്ടിലെത്തിയത്. പരിനീതിയും രാഘവും തങ്ങളുടെ ബന്ധം സ്ഥീരീകരിക്കുന്നതിനു മുൻപു തന്നെ ഇവർ ഒരുമിച്ചെന്ന കാര്യം ആരാധകർ ഉറപ്പിച്ചു.
കോഡ് നെയിം: തിരാക എന്ന ചിത്രത്തിൽ പരിനീതിയുടെ നായകനായെത്തിയ ഹാർദി സാന്ദു സംശയം ശരിയാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു. പരിനീതിയെ താൻ വിളിച്ച് ആശംസകൾ അറിയിച്ചെന്നാണ് പത്ര സമ്മേളനത്തിൽ താരം പറഞ്ഞത്. ആം ആത്മി പാർട്ടി എം പിയായ സഞ്ജീവ് അറോറയും ഇരുവർക്കും ആശംസകളറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
“എന്റെ കാര്യങ്ങൾ അറിയാൻ ആരും താത്പര്യം കാണിക്കുന്നില്ലെങ്കിൽ അതിനർത്ഥം ഞാനൊരു നല്ല താരമല്ലെന്നാണ്, ഒരു നടി എന്നാൽ പ്രശസ്തയായിരിക്കും, എല്ലാവരുടെയും കുടുംബത്തിന്റെ ഭാഗമായിരിക്കും, വാർത്തകളിലിടം ഉണ്ടാകും പാപ്പരസീകൾക്കിടയിൽ ചർച്ച ചെയ്യപ്പെടും” എന്നതാണ് അഭ്യൂഹത്തെ കുറിച്ച് ചോദിച്ചപ്പോൾ പരിനീതി ലൈഫ്സ്റ്റൈൽ ഏഷ്യയ്ക്ക് നൽകിയ മറുപടി. “പരിനീതിയുടെ കാര്യം ഒഴിച്ച് രാഷ്ട്രീയത്തിലെ എന്തു വേണമെങ്കിലും നിങ്ങൾ ചോദിച്ചോള്ളൂ” എന്നാണ് പാർലമെന്റിനു പുറത്തു കാത്തുനിന്ന് മാധ്യമപ്രവർത്തകരോട് ഛദ്ദ പറഞ്ഞത്.
മുതിർന്ന എഎപി നേതാവും എംപിയുമാണ് ഛദ്ദ. 2011 ൽ പുറത്തിറങ്ങിയ ‘ലേഡീസ് വേഴ്സസ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. ദിൽജിത്ത് ദോശനൊപ്പമുള്ള ‘ചംകീല’ ആണ് പരിനീതിയുടെ പുതിയ ചിത്രം.