കോഴിക്കോട്: പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍മക്കളും’ എന്ന സിനിമയ്ക്കു മികച്ച സിനിമയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരം. ജപ്പാനിലെ ഫുകുവൊക ഫെസ്റ്റിവലിലാണ് വസന്ത് സംവിധാനം ചെയ്ത സിനിമയ്ക്കു പുരസ്‌കാരം ലഭിച്ചത്.

മേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമ കൂടിയായിരുന്നു ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’. ഏഷ്യയെക്കുറിച്ചും ഏഷ്യന്‍ സംസ്‌കാരങ്ങളെക്കുറിച്ചും സിനിമയിലൂടെ മനസ്സിലാക്കിക്കൊടുക്കുകയാണ് ഫുകുവൊക ചലച്ചിത്രമേളയുടെ ലക്ഷ്യം.

Read Here: Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി

വസന്ത് തന്നെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്ന സിനിമയുടെ കഥ അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടേതാണ്. നിര്‍മാണവും വസന്താണ്. പാര്‍വതിക്കു പുറമേ ലക്ഷ്മിപ്രിയയും കാളീശ്വരി ശ്രീനിവാസനുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.കരുണാകരന്‍, സുന്ദര്‍ രാമു, കാര്‍ത്തിക് കൃഷ്ണ, ജി. മാരിമുത്തു, ലിസി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എന്‍.കെ ഏകാംബരം, രവി റോയ് എന്നിവരാണ് ഛായാഗ്രഹണം.

മൂന്നു കാലഘട്ടങ്ങളിലായി സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രബിന്ദുക്കളാക്കി മൂന്നു ചെറുകഥകള്‍ പറയുന്ന സിനിമ സ്ത്രീവിവേചനത്തെക്കുറിച്ചാണു സംസാരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook