പ്രേമത്തിലെ പിടി സാറിന്റെ ആദ്യ സംവിധാന സംരംഭം കാണികളെ ഒട്ടുമേ നിരാശരാക്കിയില്ല. കൃത്യതയുള്ള തിരക്കഥയും, സാധാരണക്കാരന്റെ ജീവിതത്തിനോടും സ്വപ്നങ്ങളോടും ചേർന്ന് പോകുന്ന ദൃശ്യഭാഷയും ഈ വർഷത്തെ മികച്ച സിനിമകളുടെ പട്ടികയിൽ പറവ എന്ന ചിത്രത്തിന്റെ പേരുകൂടി എഴുതി ചേർക്കുന്നുണ്ട്. മട്ടാഞ്ചേരിയിൽ ജീവിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് പറവ. ഈ സൗഹൃദം മൂന്നു വ്യത്യസ്ത പ്രായത്തിലുള്ള ആളുകൾക്കിടയിലൂടെയാണ് സംവിധായകൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ നമ്മൾ സാധാരണ കണ്ടുമുട്ടുന്ന കഥാസന്ദർഭങ്ങളെയും, അനുഭവങ്ങളെയും, ശുദ്ധഹാസ്യത്തിന്റെ ചേരുവയിലൂടെ അവതരിപ്പിക്കാൻ, സംവിധായകൻ സൗബിനും, തിരക്കഥയിലെ പങ്കാളി മുനീറിനും സാധിച്ചിരിക്കുന്നു. വലിയ കെട്ടുകാഴ്ചകൾ ഇല്ലാത്ത, ഏത് നാട്ടിൻപുറത്തും ജീവിച്ചുപോരുന്ന ആളുകളുമായും സംവദിക്കാൻ പറവ എന്ന ചിത്രത്തിനു സാധിക്കും.

അസീബ്, ഇർഷാദ് എന്നീ രണ്ടു കുട്ടികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജീവിക്കുന്ന, പ്രാവ് വളർത്തലിലും, മീൻ വളർത്തലിലും ആനന്ദം കണ്ടെത്തുന്ന, രണ്ടു 14 വയസ്സുകാർ. ഇച്ചാപ്പിയെന്ന ഇർഷാദിന്റെ മൂത്ത സഹോദരൻ (ഷെയ്ൻ നിഗം) മുറിയിൽ നിന്ന് പുറത്തിറങ്ങാത്ത നിഗൂഢതകൾ ഉള്ള ഒരാളാണ്. അവന്റെ സുഹൃത്തുക്കൾ ഇന്ന് അച്ഛനമ്മമാരുടെ ആഗ്രഹത്തിനൊത്ത് കുടുംബം നോക്കി ജീവിക്കുന്ന ആളുകളാണ്- അവർ ഷാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൽ നിന്നും കൃത്യമായ ഒരകലം പാലിക്കുന്നുമുണ്ട്. അസീബിന്റെയും ഇച്ചാപ്പിയുടെയും ശത്രുപക്ഷത്താണ്‌ പ്രാവുവളർത്തൽ തൊഴിലാക്കിയ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. അവരുടെ കോളനിയിൽ നടക്കാൻ ഇരിക്കുന്ന പ്രാവുപറത്തൽ മത്സരമാണ് ഇരുവരുടെയും ലക്ഷ്യം. ഓരോ ഘട്ടത്തിലും പ്രായത്തിൽ വലിയ അന്തരമുള്ള ഇവർ തമ്മിൽ ഉള്ള മത്സരം കാണികളിൽ സംശയം ഉളവാക്കുമെങ്കിലും, കഥ വികസിക്കുന്നതോടെ, ആദ്യഭാഗങ്ങളിൽ നിർമ്മിച്ചെടുത്ത സംശയങ്ങൾ ദൂരീകരിക്കാൻ തിരകഥയ്ക്കു സാധിക്കുന്നുണ്ട്. ശൈശവ വിവാഹം, മയക്കുമരുന്ന് വിതയ്ക്കുന്ന ആപത്തുകൾ തുടങ്ങിയ സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങൾ, ചിത്രത്തിന്റെ ഒഴുക്കിനൊപ്പം തന്നെ പരാമർശിച്ചു പോകുന്നു.

Parava

ആരാണ് ഈ ചിത്രത്തിന്റെ നായകൻ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകാൻ പലപ്പോഴും ബുദ്ധിമുട്ടാകും. രണ്ടു കൗമാരക്കാരുടെ സ്വപ്നങ്ങളും നഷ്ടബോധവും അവതരിപ്പിച്ച, ഏറ്റവും കൂടുതൽ സമയം കാണികൾക്കൊപ്പം സഞ്ചരിച്ച രണ്ടു കുട്ടികളാണോ, ചിത്രത്തിന്റെ നട്ടെല്ലായ ഷെയ്ൻ നിഗം ആണോ അതോ മുപ്പത് മിനിറ്റിൽ താഴെ മാത്രം സ്‌ക്രീനിൽ വരുന്ന ഇമ്രാൻ (ദുൽഖർ) ആണോ എന്നുറപ്പിച്ച് പറയാൻ സാധിക്കില്ല എന്നതാണ് സത്യം. പക്ഷെ ഒന്ന് പറയാം, അവതരിപ്പിച്ച കഥാപാത്രത്തിന്റെ നീളം ഏറെ കുറവായിരുന്നാലും, സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകനും കൂടെ കൊണ്ടുപോകുന്നത് ഇമ്രാനെയും അവനിലെ നന്മയെയും ആയിരിക്കും. ദുൽഖറിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രമായി ഇമ്രാൻ ഓർമിക്കപ്പെടും. പതിവിൽ നിന്നും വ്യത്യസ്തമായി, സൗബിൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രവും കരുത്തുള്ളതായിരുന്നു.

സിനിമയിലെ ടൈറ്റിൽ സോങ് ഉൾപ്പെടെ, റെക്സ് വിജയന്റെ സംഗീതസംവിധാന മികവിന് മറ്റൊരു ഉദാഹരണമാണ് പറവയിലെ ഗാനങ്ങൾ. മട്ടാഞ്ചേരിയോടും, അതിന്റെ ജീവിത രീതികളോടും ഒത്തുപോകുന്ന, പശ്ചാത്തലസംഗീതവും, മനോഹരമായ ക്യാമറയും ചിത്രത്തിന്റെ ആസ്വാദ്യതയ്ക്ക് മാറ്റുകൂട്ടി. ലിറ്റിൽ സ്വയംപിന്റെ സിനിമാറ്റോഗ്രാഫി പറവയുടെ ദൃശ്യങ്ങൾ കൂടുതൽ ചാരുതയേകുന്നു.

കെട്ടുറപ്പുള്ള ഒരു തിരക്കഥയും, അതിനെ കൃത്യമായി അവതരിപ്പിക്കാൻ ബോധ്യമുള്ള ഒരു സംവിധായകനും മാത്രമാണ് ഒരു ചിത്രത്തിന് ആവശ്യമുള്ളത് എന്ന പൊതു തത്വം ഊട്ടി ഉറപ്പിക്കുന്ന ചിത്രമാണ് പറവ. വലിയ താരനിരയോ, സൂപ്പർ സ്റ്റാറോ, ലേബലുകളോ അവകാശങ്ങളോ ഈ ചിത്രത്തിനില്ല- എങ്കിലും ഓരോ അവസരത്തിലും തിയേറ്റർ കുടുങ്ങുന്ന പൊട്ടിച്ചിരികളും, ആർപ്പു വിളികളും, ജനങ്ങൾക്ക് താരമൂല്യമല്ല, നല്ല കഥയാണ് ആവശ്യമെന്ന് തെളിയിക്കുന്നുണ്ട്. സൗബിൻ എന്ന സംവിധായകനിൽ ആളുകൾക്ക് പ്രതീക്ഷയുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ ദിനത്തിലെ ആദ്യ ഷോ “ഹൗസ് ഫുൾ” ബോർഡുകൾ. ചുരുക്കി പറഞ്ഞാൽ, സത്യസന്ധമായ തിരക്കഥയും, മനോഹരമായ സംവിധാനവും, പറവയെന്ന ചിത്രത്തിന് വിജയത്തിന്റെ പുതിയ ആകാശങ്ങൾ സ്വപ്നം കാണാനുള്ള അവസരമൊരുക്കുന്നു.

താരനിരയില്ലാത്ത ഒരു സിനിമ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ അൻവർറഷീദും ഷൈജു ഉണ്ണിയും ഈ പറവയുടെ ചിറകുകളാണ്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ