ഇന്ത്യന്‍ സിനിമയുടെ പ്രിയ അഭിനേത്രി ശ്രീദേവി ഇനിയില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്ത നാം കേട്ടത് ഒരാഴ്ച മുമ്പായിരുന്നു. ദുബൈയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ ശ്രീദേവി പിന്നീട് നാട്ടിലേക്ക് വരുന്നത് മരണത്തിനു ശേഷമായിരുന്നു. അന്നു തൊട്ട് ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു മാധ്യമങ്ങളില്‍ നിറയെ. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ശ്രീദേവിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍ തുറന്നു പറയുന്നു അന്നു സംഭവിച്ചതെന്താണെന്ന്. ഉറ്റ സുഹൃത്തും ട്രേഡ് അനലിസ്റ്റുമായ കോമള്‍ നാഹ്ടയോടാണ് ബോണി ഉള്ളു തുറന്നത്.

മരുമകനായ മോഹിത് മര്‍വയുടെ വിവാഹ ശേഷം ലക്‌നൗവില്‍ ഒരു അത്യാവശ്യ മീറ്റിങില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞാണ് ബോണി തിരിച്ച് നാട്ടിലേക്ക് പറന്നത്. എന്നാല്‍ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് നല്‍കാന്‍ 24ന് വൈകുന്നേരം അദ്ദേഹം തിരിച്ച് ദുബായില്‍ എത്തുകയായിരുന്നു. 24ന് രാവിലെ വിളിച്ചപ്പോള്‍ ശ്രീദേവി ബോണിയോട് പറഞ്ഞത് ‘പപ്പാ(അങ്ങിനെയായിരുന്നു ശ്രീദേവി ബോണിയെ വിളിച്ചിരുന്നത്), ഐ ആം മിസ്സിങ് യൂ’ എന്നായിരുന്നു. താനും ശ്രീദേവിയെ മിസ്സ് ചെയ്യുന്നു എന്ന് ബോണി പറഞ്ഞെങ്കിലും വരുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞില്ല. ദുബൈയിലേക്ക് പോകാമെന്ന ബോണിയുടെ തീരുമാനത്തെ മകള്‍ ജാന്‍വിയും പിന്തുണച്ചു. അമ്മ ഒറ്റക്കാണെന്ന ഭയം ജാന്‍വിക്കും ഉണ്ടായിരുന്നു. അമ്മ പാസ്സ്‌പോര്‍ട്ടോ മറ്റെന്തെങ്കിലും പ്രധാന രേഖകളോ മറന്നുവയ്ക്കുമെന്ന ആധിയും ഉണ്ടായിരുന്നു.

ശ്രീദേവി എവിടെയും ഒറ്റയ്ക്കു പോകാറുണ്ടായിരുന്നില്ലെന്നാണ് ബോണി പറയുന്നത്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ രണ്ടു തവണ മാത്രമാണ് ശ്രീദേവി ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുള്ളത്. സിനിമയുടെ ചിത്രീകരണത്തിനായി രണ്ടു തവണ വിദേശത്തേക്ക്. അതുപോലും തന്റെ സുഹൃത്തിന്റെ ഭാര്യ കൂടെയുണ്ടായിരുന്നു എന്ന ആശ്വാസത്തോടെയായിരുന്നെന്നും ബോണി പറയുന്നു.

ഫെബ്രുവരി 24ന് വൈകുന്നേരം 3.30നുള്ള വിമാനത്തില്‍ ബോണി എത്തി. 6.20ന് ബോണി ഹോട്ടല്‍ മുറിയില്‍ എത്തി. പരസ്പരം തങ്ങള്‍ കെട്ടിപ്പിടിച്ചെന്നും പിന്നീട് 15 മിനിട്ടോളം സംസാരിച്ചെന്നും ബോണി പറയുന്നു. പിന്നീട് ‘റൊമാന്റിക് ഡിന്നറി’നു പോകാനായി കുളിച്ചു റെഡിയാകാന്‍ ശുചിമുറിയിലേക്കു പോയതായിരന്നു ശ്രീദേവി. എന്നാല്‍ 20 മിനിട്ടു കഴിഞ്ഞും കാണാതായതോടെ ലിവിങ് റൂമില്‍ ടിവി കണ്ടുകൊണ്ടിരുന്ന ബോണി ക്ഷമകെട്ട് ശ്രീദേവിയെ പലതവണ വിളിച്ചു. വിളി കേട്ടില്ല. പൈപ്പില്‍ നിന്നും വെള്ളം പോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

ഒടുവില്‍ ശുചിമുറിയുടെ വാതില്‍ തുറന്നു അകത്തു കയറിയപ്പോള്‍ തലമുതല്‍ പാദം വരെ വെള്ളത്തില്‍ മുങ്ങി ബാത്ത്ടബ്ബില്‍ കിടക്കുന്ന ശ്രീദേവിയെയായിരുന്നു. ഒരല്‍പം ടെന്‍ഷനോടെയാണ് കതക് തുറന്നതെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. ചലനമറ്റുകിടക്കുകയായിരുന്നു ശ്രീദേവി. ആ കാഴ്ച ബോണിയെ വല്ലാതെ പേടിപ്പിച്ചു. ബോണിയുടെ ലോകം തന്നെ തലകീഴായി മറിഞ്ഞുവെന്നാണ് കോമള്‍ നഹ്ട പറയുന്നത്.

വെള്ളത്തില്‍ മുങ്ങിയതിനു ശേഷം ശ്രീദേവിയുടെ ബോധം പോയതാണോ അതോ ബോധം പോയി വെള്ളത്തിലേക്കു വീണതാണോ എന്ന് ആര്‍ക്കും അറിയില്ല. ഇനി അറിയാനും വഴിയില്ല. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കാന്‍ പോലുമുള്ള സമയം അവര്‍ക്കു കിട്ടിയിട്ടില്ല. അങ്ങിനെയായിരുന്നെങ്കില്‍ ബാത്ത്ടബ്ബിനു പുറത്തു വെള്ളം കാണുമായിരുന്നു. ഒരു തുള്ളി വെള്ളം പോലും പുറത്തേക്കു തെറിച്ചിട്ടില്ല. ശ്രീദേവിയുടെ മരണം ഒരിക്കലും അവസാനിക്കാത്ത ദുരൂഹതയായി തുടരുമെന്നു പറഞ്ഞാണ് കോമള്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ