Aju Varghese-Vineeth Starrer Panthu Movie Review‘പന്ത്’, പേരും ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം നല്‍കിയ സൂചനകള്‍ കാല്‍പ്പന്തിനോടുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയത്തെ കുറിച്ചായിരുന്നു. എന്നാല്‍ ‘പന്ത്’ അത് മാത്രമല്ല, വേറെ ഒരുപാട് കഥകളും കാര്യങ്ങളും ‘പന്തി’നൊപ്പം ഉരുളുന്നുണ്ട്.

പന്ത് ഒരു ഗ്രാമത്തിന്റെ കഥയാണ്. തങ്ങളും ദേവിയും കാവല്‍ നില്‍ക്കുന്ന, നന്മകള്‍ നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ. കേന്ദ്ര കഥാപാത്രത്തിലൂടെ കഥ പറയുന്നതിന് പകരം ഒരു ഗ്രാമത്തിലേക്ക് നമ്മെ കൊണ്ടു പോവുകയാണ് സംവിധായകന്‍ ആദി ചെയ്തിരിക്കുന്നത്. അവിടെ നടക്കുന്ന സ്വാഭാവിക സംഭവങ്ങളിലൂടെ ചിത്രത്തിന്റെ പ്രധാന കഥാതന്തുവിലേക്ക് കടക്കുന്നു. അവസാന രംഗങ്ങളില്‍ പലയിടത്തും ക്ലാരിറ്റി നഷ്ടപ്പെടുന്നുണ്ടെങ്കിലും മനോഹരമായൊരു കാഴ്ച തന്നെയാണ് ‘പന്ത്’. ഒരു നാരങ്ങാ മിഠായിയുടെ മധുരമുള്ള ചിത്രം.

Read More: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ: ‘പന്തി’ന്റെ വിശേഷങ്ങളുമായി ആദിയും അബനിയും

സംവിധായകന്‍ ആദിയുടെ മകള്‍ അബനി അവതരിപ്പിച്ച ആമിനയാണ് പ്രധാന കഥാപാത്രം. അവളുടെ ഫുട്‌ബോള്‍ സ്‌നേഹവും ഒരു പന്ത് വാങ്ങാനായി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ഇതിനിടെ അവള്‍ ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്നതും അതേ തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം. പ്രധാന കഥ ഇതായിരിക്കെ തന്നെ സബ് പ്ലോട്ടുകളിലാണ് പന്ത് യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരുടെ ഹൃദയം ജയിക്കുന്നത്.

 

ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന കാലത്ത്, തങ്ങളുപ്പൂപ്പയും കാവിലമ്മയും ഒരുമിച്ച് കാവല്‍ നില്‍ക്കുകയും എല്ലാ മനുഷ്യരുടേയും രക്ഷയ്ക്ക് എത്തുന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മലപ്പുറത്താണ് ഈ ഗ്രാമം എന്നതു തന്നെ പല രാഷ്ട്രീയ മാനമുള്ളതാണ്. ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ ജീവിതവും വ്യക്തിത്വവുമള്ളവരാണ്. ഗള്‍ഫില്‍ ജോലിയുള്ള മകന്റെ അച്ഛന്‍ കേശവന്‍ (നെടുമുടി വേണു), വാറ്റുകാരന്‍ കൃഷ്ണന്‍ (ഇന്ദ്രന്‍സ്), ചായക്കടക്കാരന്‍ ഹമീദ് ( വിനോദ് കോവൂര്‍), ഹരി മാഷ് (ശ്രീകുമാര്‍), പൊട്ടുകുത്തി മാഷ് (അജു വര്‍ഗ്ഗീസ്) തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ജീവനുള്ളവയായിരുന്നു.

എടുത്ത് പറയേണ്ട പ്രകടനം അബനിയുടേത് തന്നെയാണ്. ഫുട്‌ബോള്‍ സ്‌നേഹം തലക്ക് പിടിച്ച വികൃതിപ്പെണ്ണിനെ അബനി ഏറ്റവും നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കൊച്ചവൗ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലെ മികച്ച ബാലതാരത്തിനുളള പുരസ്‌കാരം നേടിയിട്ടുള്ള അബനിയുടെ മറ്റൊരു മികച്ച പ്രകടനം തന്നെയാണ് ആമി എന്ന ആമിന. ആമിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള സ്‌നേഹവും ഇരുവരും ഒരുമിച്ച് വരുന്ന രംഗങ്ങളും ചിത്രത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. ഉമ്മൂമ്മയായി വന്ന റാബിയ ബീഗം എന്ന പഴയകാല റേഡിയോ ആര്‍ട്ടിസ്റ്റ് ഹൃദയത്തില്‍ തൊടുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

 

പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു ഘടകം ചിത്രത്തിന്റെ സംഗീതവും ഛായാഗ്രഹണവുമാണ്. ഗ്രാമത്തിന്റെ സൗന്ദര്യം ഓരോ ഫ്രെയിമിലും കണ്ണിന് കുളിര് നല്‍കുന്നുണ്ട്. നനവുള്ള ഫ്രെയിമുകള്‍. ഗാനങ്ങളെല്ലാം ഒറിജിനലായിരുന്നു. മുസ്ലീം പശ്ചാത്തലമുള്ള ഗാനവും കരിങ്കാളി തെയ്യത്തെ കുറിച്ചുള്ള ഗാനവുമെല്ലാം ഒരേ സമയം കാഴ്ചയ്ക്കും കേള്‍വിക്കും നവ്യ അനുഭവമാണ്. ഛായാഗ്രാഹകനും (അശ്വഘോഷന്‍) സംഗീത സംവിധായകനും (ഇഷാന്‍ ദേവ്) ഒരുമിച്ച് നല്‍കിയ മനോഹര അനുഭവങ്ങളായിരുന്നു അതെല്ലാം.

ക്ലൈമാക്‌സിലെത്തുമ്പോള്‍ ഒരുപാട് പ്ലോട്ടുകള്‍ ഒരിടത്ത് കൂട്ടിമുട്ടുന്നതാണ് ചിത്രം. എന്നാല്‍ ഇവിടെ പൂര്‍ണ വിജയം കാണാനാവുന്നില്ലെന്നത് ചിത്രത്തിന്റെ പോരായ്മയാണ്. ആമിയുടെ ഫുട്‌ബോള്‍ സ്‌നേഹവും ഗ്രാമത്തിന്റെ നന്മയും ഒരു ത്രില്ലറിന്റെ സ്വാഭാവത്തിലേക്ക് കൊണ്ടു വരുന്നിടത്ത് പ്രകടമായ പാളിച്ചകളുണ്ട്. അപ്പോഴും ആസ്വദിച്ച് കണ്ടിറങ്ങാവുന്ന ഒന്നു തന്നെയാണ് ‘പന്ത്’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ