ചിത്ര ബാനർജി ദിവാകരുണിയുടെ ബെസ്റ്റ് സെല്ലർ നോവലായ ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’ (മായക്കാഴ്ചകളുടെ കൊട്ടാരം) സിനിമയാകുന്നു. നോവൽ സിനിമയാക്കാനുള്ള അവകാശം നിർമാതാക്കളായ എൻആർ പച്ചീസിയ, ദിപാങ്കർ ജോജോ ചാകി എന്നിവർ നേടിയെടുത്തിരിക്കുന്നു എന്ന റിപ്പോർട്ടാണ് ബോളിവുഡിൽ നിന്നും വരുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
Read Here: മഹാഭാരതത്തിന്റെ സ്ത്രീഭാഷ്യം ഒരുങ്ങുന്നു, ദ്രൗപദിയായി ദീപിക പദുകോണ്‍
ദ്രൗപദിയുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ നോക്കി കാണുന്ന നോവലാണ് ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’. ദ്രൗപദിയ്ക്ക് കൃഷ്ണനുമായുള്ള കുട്ടിക്കാല സൗഹൃദവും പാണ്ഡവൻമാരുമായുള്ള വിവാഹവും തുടർന്നുണ്ടായ വനവാസ ജീവിതവും കൗരവപക്ഷത്തു നിലയുറപ്പിച്ച കർണനോടുണ്ടായിരുന്ന പറയാതെ പോയ അതിതീവ്ര താൽപ്പര്യവുമൊക്കെയാണ് നോവലിന്റെ വിഷയം.
മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളെ കുറിച്ച് മൂന്നു നോവലുകൾ എഴുതുകയും ബാഹുബലി സിനിമയെ അവംലംബിച്ച് ‘റൈസ് ഓഫ് ശിവകാമി’ എന്ന നോവലെഴുതുകയും ചെയ്ത ആനന്ദ് നീലകണ്ഠന്റെ സഹായത്തോടെയാവും സിനിമയുടെ തിരക്കഥ വികസിപ്പിക്കുക.
” ഒരു സിനിമയാക്കി മാറ്റാൻ ഏറ്റവും അനുയോജ്യമായ പുസ്തകം തന്നെയാണ് ‘ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്’. കരുത്തേറിയ കഥയും നാടകീയ മുഹൂർത്തങ്ങളും ഏറെയുള്ള മഹാഭാരതം ഈ കാലഘട്ടത്തിലും പ്രസക്തമാണ്,” എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ദിവാകരുണി പ്രസ് മീറ്റിൽ പ്രതികരിച്ചത്.
1997 ൽ ദിവാകരുണി എഴുതിയ ‘ദ മിസ്ട്രസ് ഓഫ് സ്‌പൈസസും’ അതേപേരിൽ തന്നെ സിനിമയാക്കി മാറ്റിയിരുന്നു. പോൾ മായേദാ ബെർഗാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ റായ് ആയിരുന്നു നായിക. ദിവാകരുണിയുടെ ‘സിസ്റ്റർ ഓഫ് മൈ ഹാർട്ട്’ എന്ന സീരിയലും തമിഴിൽ ടിവി സീരിയലായി മാറിയിരുന്നു.