നടി മഹീറ ഖാൻ വിവാദത്തിൽ അകപ്പെടുന്നത് ഇത് ആദ്യമല്ല. ബോളിവുഡ് നടൻ രൺബീർ കപൂറുമൊന്നിച്ച് സിഗരറ്റ് വലിക്കുന്ന മഹീറയുടെ ചിത്രമാണ് താരത്തെ ആദ്യം വിവാദത്തിൽ കുടുക്കിയത്. ന്യൂയോർക്കിൽ വച്ച് ഇരുവരും ഒന്നിച്ച് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങൾ വൈറലായതോടെ നടിക്കുനേരെ വിമർശനങ്ങൾ ഉയർന്നു. വിമർശനങ്ങൾ ശക്തമായപ്പോൾ മഹീറ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടും മഹീറ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നു. ലക്സ് സ്റ്റൈൽ അവാർഡ് വേദിയിൽ മഹീറ അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴുണ്ടായ സംഭവത്തിലാണ് നടിക്കുനേരെ സോഷ്യൽ മീഡിയയിൽ ആക്രണം കടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ജാവേദ് ഷെയ്ഖിന്റെ ആരാധകരാണ് നടിക്കുനേരെ ആക്രമണം ശക്തമാക്കിയത്.

17-ാമത് ലക്സ് സ്റ്റൈൽ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് മഹീറയെയാണ്. പാക്കിസ്ഥാൻ സിനിമ വെർണയിലെ അഭിനയമാണ് മഹീറയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. പ്രശസ്ത നടൻ ജാവേദ് ആണ് മഹീറയ്ക്ക് അവാർഡ് നൽകിയത്. അവാർഡ് നൽകിയതിനുശേഷം ജാവേദ് നടിയെ ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ മഹീറ അതിൽനിന്നും ഒഴിഞ്ഞുമാറി. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടിക്കുനേരെ ആക്രമണം ഉണ്ടായത്.

മഹീറ ഇതിഹാസ താരമായ ജാവേദിനെ അപമാനിക്കുകയണ് ചെയ്തതെന്നായിരുന്നു ആരാധകരുടെ പ്രതികരണം. എന്നാൽ ചിലർ മഹീറയെ പിന്തുണച്ചും രംഗത്തെത്തി. മഹീറയെ ബലാൽക്കാരമായി ചുംബിക്കാനാണ് ജാവേദ് ശ്രമിച്ചതെന്നായിരുന്നു ഇവരുടെ അഭിപ്രായം. തനിക്കെതിരെ ആക്രമണം കടുത്തതോടെ മഹീറ പ്രതികരിച്ചു. ജാവേദ് ഷെയ്ഖ് ഒരു ഇതിഹാസ താരമാണെന്നും സിനിമയിലെ ഞാനടക്കമുളള എല്ലാവർക്കും അദ്ദേഹം മാർഗ്ഗദർശിയാണെന്നും മഹീറ പറഞ്ഞു.

പാക്കിസ്ഥാനിലെ പ്രശസ്ത നടനാണ് ജാവേദ്. നമസ്തേ ലണ്ടൻ, തമാശ തുടങ്ങിയ ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാക് നടിയായ മഹീറ ഷാരൂഖ് ഖാന്റെ റെയീസ് സിനിമയിലൂടെയാണ് ബോളിവുഡിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ