‘രംഗീല രാജ’ എന്ന തന്റെ ചിത്രത്തോട് സെൻസർ ബോർഡ് അനീതി കാണിച്ചു എന്നാരോപിച്ച് സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷിയ്ക്കെതിരെ മുൻ സെൻസർ ബോർഡ് തലവനും സംവിധായകനുമായ പഹ്‌ലാജ് നിഹലാനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. തന്റെ പുതിയ ചിത്രം ‘രംഗീല രാജ’ യിലെ 20 ഓളം ദൃശ്യങ്ങൾക്ക് സെൻസർ ബോർഡ് കത്തിവെച്ചപ്പോഴാണ് സെൻസർ ബോർഡ് തലവനെതിരെ നിഹലാനി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് സെൻസർ ബോർഡിനെതിരെ നിഹലാനി നൽകിയ പരാതി കേൾക്കാൻ വിസമ്മതം രേഖപ്പെടുത്തിയത്. തന്റെ ചിത്രത്തിനോട് സെൻസർ ബോർഡ് കാണിച്ച അനീതിയിൽ സത്വര നടപടികൾ വേണം എന്ന ആവശ്യവുമായാണ് നവംബർ 4-ാം തിയ്യതി നിഹലാനി കോടതിയെ സമീപിച്ചത്.

“സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. ‘രംഗീല രാജ’യ്ക്ക് സെൻസർ ബോർഡ് യുഎ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. അതുകൊണ്ട് ഞാൻ കോടതിയെ സമീപിക്കുകയാണ്. ഒരു മാർഗ്ഗനിർദ്ദേശവും പാലിക്കാതെയാണ് അവർ പ്രവർത്തിക്കുന്നത്. ഞാനും സെൻസർ ബോർഡിൽ പ്രവർത്തിച്ച വ്യക്തിയാണ്, സംവിധായകനും നിർമ്മാതാവുമാണ്. എന്റെ ഒരു സിനിമയും കട്ട് ചെയ്ത് കളയേണ്ടതായ രംഗങ്ങളോടെ നിർമ്മിക്കപ്പെട്ടിട്ടില്ല, പിന്നെ എന്തുകൊണ്ട് ഈ സിനിമ മാത്രം? ഇത് അനാവശ്യവും അനീതി നിറഞ്ഞതുമായ നടപടിയാണ്. അംഗീകരിക്കാനാവില്ല,” എന്നാണ് ഹൈക്കോടതിയിൽ സെൻസർ ബോർഡിനെതിരെ പരാതി സമർപ്പിച്ചതിനു ശേഷം നിഹലാനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഗോവിന്ദ നായകനാകുന്ന ചിത്രത്തിൽ അശ്ലീലം നിറഞ്ഞതായ ദൃശ്യങ്ങളൊന്നുമില്ലെന്നും നിഹലാനി അവകാശപ്പെടുന്നു. “പ്രേക്ഷകർക്ക് അറിയാം ഏതുതരം സിനിമകൾ കാണണം, ഏതൊക്കെ സിനിമകൾ കാണേണ്ട എന്ന്. ഞാൻ അന്നും ഇന്നും ഒരു നിർമ്മാതാവാണ്. ഒരു നിർമ്മാതാവെന്ന രീതിയിൽ എന്റെ ചുമതലയാണ് സിനിമ സെൻസർ ബോർഡിനു മുന്നിൽ സമർപ്പിക്കുക എന്നത്, എന്റെ ജോലി ഞാൻ വിശ്വസ്തതയോടെ ചെയ്തു. പക്ഷേ എന്നാൽ പ്രസൂൺ ജോഷി തന്റെ ജോലി ചെയ്യാനായി ഓഫീസിൽ പോലും പോകുന്നില്ല. എപ്പോഴും യാത്രകളിലാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനാവുന്ന ചെയർമാൻ തന്നിഷ്ടം പോലെ പ്രവർത്തിക്കുകയാണ്, ” എന്ന് കുറ്റപ്പെടുത്തിയ നിഹലാനി ഓഫീസ് കാര്യങ്ങളിൽ അലംഭാവം കാണിക്കുന്ന പ്രസൂൺ ജോഷിയെ ബോർഡ് തലവൻ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

25 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നിഹലാനിയും ഗോവിന്ദയും ഒന്നിക്കുന്ന പടമാണ് ‘രംഗീല രാജ’. മുൻപ് ‘ഇൽസാം’, ‘ഷോല ഔർ ഷബ്നം’, ‘ആൻഖെൻ’ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ