/indian-express-malayalam/media/media_files/uploads/2023/07/suvin-kunchako-boban.jpg)
കുഞ്ചാക്കോ ബോബൻ എതിരെ ആരോപണവുമായി പത്‌മിനിയുടെ നിർമാതാവ്
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'പത്മിനി' വെള്ളിയാഴ്ച്ചയാണ് തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പ്രശോഭ് കൃഷ്ണ, സുവിൻ കെ വർക്കി, അഭിലാഷ് ജോർജ് എന്നിർ ചേർന്നാണ് നിർമിച്ചത്. 'പദ്മിനി' റിലീസിനെത്തി ഒരു ദിവസം പിന്നിടുമ്പോൾ നടൻ കുഞ്ചാക്കോ ബോബനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ സുവിൻ.
രണ്ടര കോടി രൂപ കൈപ്പറ്റിയിട്ടും സിനിമയുടെ പ്രമോഷന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ തയാറായില്ലെന്നാണ് നിർമാതാവ് പറയുന്നത്. "പദ്മിനിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻ 2.5 കോടി വാങ്ങിയ ശേഷം പ്രമോഷന്റെ ഭാഗമായി ടെലിവിഷൻ അഭിമുഖങ്ങളിലോ പ്രോഗ്രാമുകളിലോ പങ്കെടുത്തില്ല. താരത്തിന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ്ങ് കൺസൾട്ടന്റിന് ആദ്യ പതിപ്പ് ഇഷ്ടമായില്ലെന്ന കാരണത്താലാണ് പ്ലാൻ ചെയ്തിരുന്ന എല്ലാ വിധത്തിലുള്ള പ്രമോഷനും ഒഴിവാക്കിയത്. ഇതേ അവസ്ഥ തന്നെ 2-3 നിർമാതാക്കൾക്ക് സംഭവിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് തുറന്നുപറഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി.
ഇതേ നടൻ നിർമിക്കുന്ന ചിത്രത്തിനാണെങ്കിൽ ഈയൊരവസ്ഥ ഒരിക്കലും ഉണ്ടാകില്ല. അദ്ദേഹം എല്ലാ അഭിമുഖങ്ങൾക്കും ടെലിവിഷൻ പരിപാടികൾക്കും പോകും എന്നാൽ മറ്റൊരു നിർമാതാവാകുമ്പോഴാണ് പ്രശ്നം വരുക. 25 ദിവസത്തെ ഷൂട്ടിനായി 2.5 കോടി വാങ്ങിയ ചിത്രത്തിന്റെ പ്രമോഷനേക്കാളും അദ്ദേഹത്തിന് വലുതാണല്ലോ യൂറോപ്പിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുന്നത്."
തിയേറ്റർ ഉടമകൾ സിനിമയുടെ പെട്ടെന്നുള്ള ഒടിടി റിലീസിനെത്തിരെ പ്രതിഷേധിക്കുമ്പോൾ താരങ്ങളുടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളും അതിനു കാരണമാണെന്ന് സുവിൻ പറയുന്നു. ഒരു ചിത്രത്തിന്റെ ഭാഗമായാൽ അത് പ്രമോട്ട് ചെയ്യേണ്ട ഉത്തരവാദിത്വവും താരങ്ങൾക്കുണ്ടെന്ന് സുവിൻ കൂട്ടിച്ചേർത്തു. "സിനിമയുടെ മാജിക്ക് എന്നത് കണ്ടന്റാണ്. ഞങ്ങളുടെ കൂടെ ഇതിൽ പൊരുതിയ പ്രൊഡ്യൂസേഴ്സ് അസ്സോസ്സിയേഷനിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി."
കുഞ്ചാക്കോ ബോബൻ പ്രമോഷനുകൾക്ക് എത്തിയില്ലെന്ന് നിർമാതാവ് ആരോപിക്കുമ്പോഴും 'പത്മിനി'യുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്‌പ്രസ് ഡോട്ട് കോമിൽ താരം അഭിമുഖം നൽകിയിരുന്നു. അഭിമുഖം പൂർണമായി ഇവിടെ വായിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.