ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പേരുള്‍പ്പെടെ അഞ്ചുമാറ്റങ്ങളോടെയാണ് എത്തുന്നത്. കൂടുതല്‍ വെട്ടിത്തിരുത്തലുകളും മാറ്റങ്ങളുമുണ്ടാകില്ലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം ചിത്രം രാജസ്ഥാനിലും ഗുജറാത്തിലും പ്രദര്‍ശിപ്പിക്കില്ല.

ചിത്രത്തില്‍ റാണി പദ്മാവതിയെ താറടിച്ചു കാണിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം വളച്ചൊടിക്കപെട്ടതാണെന്ന രജപുത്ര കര്‍ണി സേനയുടെ ആരോപണം പ്രതിഷേധമായി വിവിധ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. രജപുത്ര സംസ്‌കാരത്തെ താറടിച്ചു കാണിക്കുന്നതാണ് ചിത്രമെന്ന് ആരോപണമുയര്‍ന്നു.

വിവാദങ്ങള്‍ക്കും ഭീക്ഷണികള്‍ക്കും ഒടുവില്‍ ഒരു സംഘം ചരിത്രകാരന്മാരുടെ മുന്‍പില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 5 ഭേദഗതികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. അതില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു മാറ്റത്തെ തുടര്‍ന്നാണ് ‘പദ്മാവതി’ എന്ന മുന്‍ പേര് മാറ്റി ചിത്രം ‘പദ്മാവത്’ ആയത്. മാലിക് മുഹമ്മദ് ജയസിയുടെ ‘പദ്മാവത്’ എന്ന രചനയാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനാധാരം. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമാണ് സുപ്രധാന വേഷങ്ങളില്‍.

ആഴ്ചകള്‍ക്കു മുന്‍പ് സെന്‍സര്‍ ബോര്‍ഡ് ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്‍കി ചിത്രത്തിന് അനുമതി നല്‍കിയിരുന്നു. സതി എന്ന ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രകീര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്നു എഴുതി കാണിക്കുകയും വേണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി നിര്‍മ്മാതാക്കളോടു ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റങ്ങളോടുകൂടിയായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ