ക്വോലാപ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘പദ്മാവതി’യുടെ കൂറ്റന്‍ സെറ്റിനു നേരെ ആക്രമണം. മഹാരാഷ്ര്ടയിലെ ക്വോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്റെ സെറ്റും ഉപകരണങ്ങളും കത്തിച്ച് ചാമ്പലാക്കി. മാസങ്ങള്‍ക്ക് മുമ്പ് ജയ്പൂരില്‍ ചിത്രീകരണ വേളയില്‍ ആക്രമം നടന്നതിന് പിന്നാലെയാണ് പുതിയ സംഭവവും.

ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമികള്‍ ചിത്രത്തിന്റെ സെറ്റിന് നേരെ ആക്രമണം നടത്തിയത്. സെറ്റില്‍ ഉണ്ടായിരുന്ന ഒരു കുതിരയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലം സന്ദര്‍ശിച്ച ബന്‍സാലി പൊലീസില്‍ പരാതി നല്‍കി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ അക്രമം നടക്കുന്ന സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നില്ല.

50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റാണ് പൂര്‍ണമായും തകര്‍ന്നത്. 30ഓളം ആള്‍ക്കാരെത്തിയാണ് കാവല്‍ നിന്നവരേയും ബോര്‍ഡിഗാഡുമാരേയും അടിച്ചോടിച്ച് ആക്രമണം നടത്തിയത്. പെട്രോള്‍ ബോംബുകളും കല്ലുകളും ലാത്തികളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്.

സെറ്റ് അഗ്നിക്ക് ഇരയാക്കുന്നതിന് മുമ്പ് പാര്‍ക്കിംഗില്‍ ഉണ്ടായിരുന്ന കാറുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. അക്രമം നടത്തിയ രണ്ട് പേരെ പിടികൂടിയെങ്കിലും അക്രമികള്‍ ഇടപെട്ട് ഇവരെ മോചിപ്പിച്ചു.

‘രജപുത്ര’ സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേനയാണ് നേരത്തേ അക്രമം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് മഹാരാഷ്ട്രയിലെ സംഭവവും വിലയിരുത്തപ്പെടുന്നത്.

ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായാംഗങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, അത്തരത്തിലുള്ള ഒരു സീനും ചിത്രത്തില്‍ ഇല്ലെന്ന് വിശദീകരിച്ച് സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

16ആം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജയാസി എഴുതിയ കവിതയെ ആസ്പദമാക്കിയുള്ള കെട്ടുകഥയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും ചെവികൊള്ളാന്‍ തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ