ഉദയ്പൂര്‍: ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മാവതി’ക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശം. തന്റെ പിതാമഹന്‍മാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബന്‍സാലി ചിത്രീകരിച്ചിരിക്കുന്നതെന്നു റാണി പത്മാവതിയുടെ പിന്തുടര്‍ച്ചക്കാരന്‍ എം.കെ. വിശ്വരാജ് സിങ് വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സെന്‍സര്‍ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രസൂണ്‍ ജോഷിക്കും, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ക്കും വിശ്വരാജ് സിങ് കത്തയച്ചു.

വാണിജ്യ വിജയത്തിനായി തന്റെ കുടുംബത്തിന്റെ പേരും ചരിത്രവും തെറ്റായ രീതിയിലാണു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു വിശ്വരാജ് ചൂണ്ടിക്കാട്ടി. ഇതു വ്യക്തിപരമായും വെറുപ്പുളവാക്കുന്നതാണ്. ചിത്രത്തിനായി ഗവേഷണം നടത്തിയിട്ടുണ്ടെന്നു പറയുന്നുവെങ്കിലും യഥാര്‍ഥ വസ്തുതകള്‍ എന്തെന്നു ബന്‍സാലി അന്വേഷിച്ചിട്ടില്ല. കുടുംബത്തിന്റെ പേര് ഉപയോഗിക്കുന്നതിന് അനുവാദവും വാങ്ങിയിട്ടില്ല. രാജ്യത്തിന്റെ ചരിത്രവും പൗരന്മാരേയും സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പാരമ്പര്യത്തിനു മികച്ച സംഭാവന ചെയ്തിട്ടുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ അനുമതി ലഭിക്കുന്ന അവസ്ഥ ദയനീയമാണ്.

സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍നിന്നാണ് പത്മാവതിയെന്ന സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണ് ബന്‍സാലിയുടെ പക്ഷം. എന്നാല്‍ അതു ചരിത്രപരമായി കൃത്യതയും വ്യക്തതയുമില്ലാത്തതാണെന്നും വിശ്വരാജ് സിങ് വ്യക്തമാക്കി. കൂടാതെ, ചിത്രത്തിന്റെ റിലീസിനെതിരെ ജയ്പൂര്‍ രാജകുടുംബാംഗം ദിയാ കുമാരി ഒപ്പു ശേഖരണ പ്രചാരണം നടത്തി. കുടുതല്‍ രാജകുടുംബാംഗങ്ങളും പത്മാവതിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ