ജയ്‌പൂർ: സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം പദ്മാവതിക്ക് നേരെയുള്ള പ്രതിഷേധം രാജസ്ഥാനിലെ കോട്ടയിൽ അക്രമാസക്തമായി. പ്രതിഷേധവുമായി എത്തിയ കർനി സേന പ്രവർത്തകർ ഇവിടെ ഒരു തിയേറ്റർ നശിപ്പിച്ചു. അക്രമത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

പദ്മാവതിയുടെ ട്രയിലർ പ്രദർശിപ്പിച്ച ആകാശ് തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിന്റെ ഗ്ലാസ് ചില്ലുകൾ കർനി സേന പ്രവർത്തകർ അടിച്ചുതകർത്തു. എട്ട് പ്രവർത്തകർ ഇതിന് ശേഷം പൊലീസ് പിടിയിലായതായി റിപ്പോർട്ടുണ്ട്.

“ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധക്കാർ നിയമം കൈയ്യിലെടുത്താൽ അവർ നിയമപരമായ ശിക്ഷിക്കപ്പെടും. ആകാശ് തിയേറ്ററിന് നേരെ  നടന്ന അക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്”, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവർക്ക് വേണ്ടി സിനിമ പ്രദർശിപ്പിച്ചതിന് ശേഷമാണ് അക്രമം നടന്നത്. ചിത്രത്തിൽ രൺവീർ സിംഗ് അലാവുദ്ദീൻ ഖിൽജിയായും ദീപിക പദുകോൺ, റാണി പദ്മാവതിയായുമാണ് അഭിനയിക്കുന്നത്.

നേരത്തേ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ച കർനി സേന പ്രവർത്തകർ സംവിധായകൻ ബൻസാലിയെ ആക്രമിച്ചിരുന്നു. ചിത്രം രജ്പുത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് രജ്‌പുത് കർനി സേന കുറ്റപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ