ന്യുഡൽഹി : ‘പദ്മാവത്’ ഒടുവിൽ തീയേറ്ററുകളിലെത്തുന്നു. ജനുവരി 25 ന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. 2017 ഡിസംബർ 1 നു റിലീസ് ചെയ്യാനിരുന്ന ചിത്രം വിവാദങ്ങളെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. വയകോം 18 നിര്‍മ്മിച്ച് സഞ്ജയ് ലീലാ ഭന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മാവതി’ എന്ന് പേരിട്ടിരുന്ന ‘പദ്മാവത്’.
ചിത്രത്തിൽ ദീപിക പദുകോൺ അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം വളച്ചൊടിക്കപെട്ടതാണെന്ന രജപുത്ര കർണി സേനയുടെ ആരോപണം പ്രതിഷേധമായി വിവിധ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നു. രജപുത്ര സംസ്കാരത്തെ താറടിച്ചു കാണിക്കുന്നതാണ് ചിത്രമെന്ന് ആരോപണമുയർന്നു.
വിവാദങ്ങൾക്കും ഭീക്ഷണികൾക്കും ഒടുവിൽ ഒരു സംഘം ചരിത്രകാരന്മാരുടെ മുൻപിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 5 ഭേദഗതികളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി. അതിൽ നിര്‍ദ്ദേശിക്കപ്പെട്ട ഒരു മാറ്റത്തെ തുടർന്നാണ് ‘പദ്മാവതി’ എന്ന മുൻ പേര് മാറ്റി ചിത്രം ‘പദ്മാവത്’ ആയത്. മാലിക് മുഹമ്മദ് ജയസിയുടെ ‘പദ്മാവത്’ എന്ന രചനയാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനാധാരം. ദീപിക പദുകോണും റണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമാണ് സുപ്രധാന വേഷങ്ങളിൽ.
ആഴ്ചകൾക്കു മുൻപ് സെൻസർ ബോർഡ് ‘യു എ’ സർട്ടിഫിക്കറ്റ് നൽകി ചിത്രത്തിന് അനുമതി നൽകിയിരുന്നു. സതി എന്ന ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്നു എഴുതി കാണിക്കുകയും വേണമെന്ന് ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി നിര്‍മ്മാതാക്കളോടു ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റങ്ങളോടുകൂടിയായിരിക്കും ചിത്രം പ്രദർശിപ്പിക്കപ്പെടുക.
ചിത്രത്തിന്‍റെ ട്രെയിലർ ആരാധകർ ഹർഷാരവത്തോടെ സ്വീകരിച്ചതിനു ശേഷമാണ് വിവാദങ്ങളുടെ തുടക്കം. ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം ശരിയായ രീതിയിലല്ല അവതരിപ്പിക്കപ്പെട്ടതെന്ന് രജപുത്ര കർണി സേന ആരോപിച്ചു. സഞ്ജയ് ലീല ബൻസാലിക്കും, ദീപിക പദുക്കോണിനുമെതിരെ നിരവധി വധഭീഷണികൾ ഉയർന്നു. ചിറ്റോര്‍ രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പദ്മാവതിയുടെ ഭര്‍ത്താവും ചിറ്റോര്‍ രാജാവുമായ രത്തന്‍ സിംഗ്, ദില്ലി സുല്‍ത്താനത് ഭരിച്ച ഖില്‍ജി ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍, ചരിത്ര വിരുദ്ധമായി ഉള്‍കൊള്ളിച്ചു എന്നതാണ് എല്ലാ വിവാദങ്ങള്‍ക്കും അടിസ്ഥാനം.
മഹാരാഷ്ര്ടയിലെ ക്വോലാപ്പൂരിലെ ലൊക്കേഷനില്‍ എത്തിയ ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്‍റെ സെറ്റും ഉപകരണങ്ങളും കത്തിച്ച് ചാമ്പലാക്കി. അതിനും മുമ്പ് ജയ്പൂരില്‍ ചിത്രീകരണ വേളയില്‍ സമാനമായ അക്രമം നടന്നു. ഇങ്ങനെ തുടങ്ങി കടമ്പകളുടെ ഒരു നിര തന്നെ കടന്നാണ് ‘പദ്മാവത്’ തിയേറ്ററുകളില്‍ എത്തുന്നത്.
സഞ്ജയ് ലീല ബൻസാലിയും നിർമാതാക്കളും റിലീസ് തീയതിയുമായി ബന്ധപ്പെട്ട് ഇത് വരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.