നവരാത്രി ആഘോഷങ്ങൾക്ക് മുൻപായി ദീപിക പദുക്കോണിന്റെ ആരാധകർക്ക് ഉഗ്രൻ സമ്മാനമാണ് പത്മാവതി ടീം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകളാണ് പുറത്ത് വന്നിരിക്കുന്നത്. പോസ്റ്ററുകളിൽ രൂപം കൊണ്ടും ഭാവം കൊണ്ടും ദീപിക റാണി പത്മാവതിയായി മാറിയിട്ടുണ്ട്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്.

11 കോടി രൂപയാണ് ചിത്രത്തിന് ദീപിക വാങ്ങിയ പ്രതിഫലം. രൺവീറിനും ഷാഹിദിനും 8 കോടി വീതമാണ് പ്രതിഫലം. ഇന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് ദീപിക.

നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേനാംഗങ്ങൾ പതാമവതിയുടെ ഷൂട്ടിങ് സെറ്റ് ആക്രമിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ജയ്‌പൂരിൽനിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിൽ പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് അണിയറ പ്രവർത്തകർ വിശദീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ