ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടി താരമാണ് ദീപിക പദുക്കോൺ. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ബോളിവുഡിന്റെ താരറാണിയായ താരം. ‘ഓം ശാന്തി ഓശാന’ ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിലെത്തുന്നത്. യേ ജവാനി ഹെ ദിവാനി, ചെന്നൈ എക്സ്പ്രസ്, ബാജിറാവോ മസ്താനി തുടങ്ങി നിരവധി ഹിറ്റുകൾ ദീപികയുടെ പേരിലുണ്ട്. താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ലോകത്താമകമാനമുളളത്.

ട്വിറ്ററിൽ 20 മില്യനാണ് ദീപികയുടെ ഫോളോവേഴ്സ്. ട്വിറ്ററിലൂടെ ദീപിക ഇന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. പത്മാവതി, പികു ചിത്രങ്ങളെക്കുറിച്ചും ബെംഗളൂരുവിലെയും മുംബൈയിലെയും തന്റെ ജീവിതത്തെക്കുറിച്ചും ദീപിക ആരാധകരോട് പറഞ്ഞു. കനത്ത മഴയിൽ വെളളത്തിലായ മുംബൈ നഗരത്തിലെ ജനങ്ങളോട് സുരക്ഷിതരായിരിക്കാനും ദീപിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ദീപികയുടെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ആരാധകർ ചോദിച്ചു. അവയ്ക്കൊക്കെ ദീപിക ഉത്തരവും നൽകി. തന്റെ സൂപ്പർ ഹീറോ ആരെന്ന് ചോദിച്ചപ്പോൾ അച്ഛൻ എന്നായിരുന്നു ദീപികയുടെ ഉത്തരം. ഇഷ്ടപ്പെട്ട കളികൾ ബാഡ്മിന്റനും സ്വിമ്മിങ്ങും ആണെന്നും ദീപിക പറഞ്ഞു. കരിയറിലെ വെല്ലുവിളി നിറഞ്ഞ സിനിമ ഏതെന്നു ചോദിച്ചപ്പോൾ പത്മാവതി എന്നും ഏറ്റവും കൂടുതൽ തന്നെ കരയിപ്പിച്ച ചിത്രം പികു എന്നുമായിരുന്നു ദീപികയുടെ മറുപടി. മരിച്ചതോ ജീവിച്ചിരിക്കുന്നവരോ ആയ വ്യക്തികളിൽ ആരെ കാണാനാണ് ദീപികയ്ക്ക് ആഗ്രഹം എന്നു ചോദിച്ചപ്പോൾ ഡയാന രാജകുമാരിയെന്നായിരുന്നു ദീപിക പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ