ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്മാവതി ചിത്രത്തിനെതിരെയുളള കർണി സേനയുടെ പ്രതിഷേധം ദിവസങ്ങൾ കഴിയുന്തോറും ശക്തമാവുകയാണ്. ദീപികയുടെ തല വെട്ടുമെന്നും മൂക്കു ചെത്തുമെന്നുളള ഭീഷണികൾ കർണി സേന നേരത്തെ മുഴക്കിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗ് നടത്തിയത്.

സ്ക്രീനിങ്ങിന് പിന്നാലെ ചിത്രത്തെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകരായ അര്‍ണബ് ഗോസ്വാമിയും രജത് ശര്‍മ്മയും രംഗത്തെത്തി. തന്റെ പ്രൈം ടൈം ഷോയിലൂടെയാണ് അര്‍ണബ് ചിത്രത്തിനായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂറില്‍ മനോഹരമായൊരു ഇതിഹാസകാവ്യത്തിനാണ് താന്‍ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ഓരോ രംഗവും രജ്പുത് പൈതൃകത്തിനുളള ശ്രദ്ധാഞ്ജലി ആണെന്നും അദ്ദേഹം പറഞ്ഞു. റാണി പത്മാവതിക്കുളള ഏറ്റവും വലിയ ആദരം ആണ് ചിത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ വിജയത്തോടെ കര്‍ണി സേന ഒരിക്കല്‍ കൂടി നാണംകെട്ട് വിഡ്ഢികളായി നില്‍ക്കുമെന്നും അര്‍ണബ് പറയുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങും പത്മാവതിയായി അഭിനയിക്കുന്ന ദീപികയും ഒരു രംഗത്തില്‍ പോലും മുഖാമുഖം വരുന്നില്ലെന്നും ചിത്രം പുറത്തുവരുമ്പോള്‍ പ്രതിഷേധക്കാര്‍ കോമാളികളാകുമെന്നും അദ്ദേഹം പറയുന്നു. കര്‍ണിസേനയുടെ പക്ഷം ചേരാന്‍ ബിജെപി തയ്യാറാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചിത്രത്തിലെ ഒരു രംഗത്തിനു പോലും കത്രിക വയ്ക്കേണ്ട ആവശ്യം വരില്ലെന്നും അര്‍ണബ് പറയുന്നുണ്ട്.

പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം.

രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചതെങ്കിലും ഇതുവരെയും സെന്‍സര്‍ ബോര്‍ഡ് ചിത്രം പരിഗണിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook