ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിന്റെ ബലത്തിൽ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് ഇന്ന് തിയേറ്ററുകളിലെത്തും. അതേസമയം ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഇന്നലെ ഉത്തരേന്ത്യയിൽ ആരംഭിച്ച അക്രമങ്ങൾക്ക് ഇതുവരെയും യാതൊരു കുറവുമില്ല. ചിത്രത്തിന്റെ പെയ്‌ഡ് പ്രിവ്യൂ ഇന്നലെ നടന്നിരുന്നു.

പലയിടത്തും കല്ലേറും തീവയ്പും റോഡ് തടയലുമടക്കമുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വിദ്യാര്‍ഥികളുമായിപ്പോയ സ്‌കൂള്‍ ബസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. സിനിമ റിലീസ് ചെയ്‌താൽ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി 27 സ്ത്രീകൾ രാഷ്ട്രപതിക്ക് കത്തയച്ചു. ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയത്. സിനിമ റിലീസ് ചെയ്താൽ തിയേറ്ററുകൾ ആക്രമിക്കുമെന്ന് കർണി സേനയും ഹിന്ദു സേനയും ഭീഷണി മുഴക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ കര്‍ണിസേനയും അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭയുമാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ബോംബ് വച്ച് തകർക്കാനാണ് ഇവർ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഗുജറാത്തിൽ പ്രതിഷേധക്കാർ ഇരുനൂറോളം വാഹനങ്ങളും ഒട്ടേറെ കടകളും കത്തിച്ചു. 48 പേരാണ് ഇവിടെ അറസ്റ്റിലായത്. മഹാരാഷ്ട്രയിൽ 35 പേർ അറസ്റ്റിലായി.

ഇന്നും പ്രതിഷേധത്തിന് അയവുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിലാണ് ചിത്രത്തിന്റെ പ്രദർശനം. ഹിന്ദി ഭാഷാ സ്വാധീനമേഖലയിലാകെ പ്രതിഷേധം ഉയർന്നതോടെ ചിത്രം വാണിജ്യപരമായി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ