ഇരുപത്തിയെട്ട് വർഷം മുൻപത്തെ ഒരു തണുത്ത ജനുവരിയിൽ ഇരുപത്തി മൂന്ന് നാൾ കഴിഞ്ഞ ദിവസത്തെ പ്രഭാതമുണരുന്നത്, ഹൃദയം നുറുങ്ങുന്ന ഒരു വാർത്തയും കൊണ്ടാണ്. പത്മരാജൻ അന്തരിച്ചു. ഓർമ്മയിൽ ഒരു പതിനെട്ടുകാരൻ കരഞ്ഞു കൊണ്ടോടുന്നു, കണ്ടവരോടൊക്കെ ആ വാർത്ത പറയുന്നു.

1991 ജനുവരി പതിനാലാം തീയതി

എറണാകുളം കവിത തിയേറ്ററിൽ വച്ചാണ് ഞാൻ, ‘ഞാൻ ഗന്ധർവ്വൻ’ കാണുന്നത്. ഒൻപതു ദിവസങ്ങൾ കഴിഞ്ഞ് ആ മരണ വാർത്ത.

കുത്തിയതോട് സാരഥി ടാക്കീസിൽ അച്ഛമ്മയ്ക്കൊപ്പം അപ്പച്ചിയുടെ മടിയിലിരുന്നു കണ്ട ‘ശാലിനി എന്റെ കൂട്ടുകാരി’യാണ് ആദ്യമായി കണ്ട പദ്മരാജൻ സിനിമ. മൂന്നാം വയസു മുതൽ കൂട്ടുകാരനായ മഹേഷ്‌ അവിടെ ഉണ്ടായിരുന്നു. അവന്റെ അമ്മയുടെയും ചേട്ടൻ മനോജിന്റെയും കൂടെ. ആ കാലം ചുണ്ടിൽ ചേർത്തു തന്ന പാട്ടാണ് ‘ഹിമശൈല സൈകത ഭൂമി’യിലും ‘സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടി’യും.

ഞങ്ങൾ, കൂട്ടുകാർക്ക് പത്തോപന്ത്രണ്ടോ വയസു പ്രായമുള്ളപ്പോഴാണ് ഓപ്പറേറ്ററുടെ വീട്ടിലെ ചന്ദ്രൻ ചേട്ടൻ ഗൾഫിൽ നിന്ന് വരുന്നത്.

അങ്ങിനെ ഞങ്ങളുടെ നാട്ടിൽ VCR വന്നു. ഒപ്പം ‘പെരുവഴിയമ്പലം’, ‘ഒരിടത്തൊരു ഫയൽവാൻ’, ‘കള്ളൻ പവിത്രൻ’, ‘പൂച്ചയ്‌ക്കൊരു മുക്കൂത്തി’, ‘കാര്യം നിസ്സാരം’ തുടങ്ങിയ ചിത്രങ്ങളും. ചന്ദ്രൻ ചേട്ടന്റെ അച്ഛൻ പണ്ട് ഏതോ തിയേറ്ററിൽ ഓപ്പറേറ്റർ ആയിരുന്നുരിക്കണം. അതു കൊണ്ടാവണം ഓപ്പറേറ്ററുടെ വീട് എന്ന് പറയുന്നത്. അദ്ദേഹം നേരത്തേ മരിച്ചു പോയി.

അതൊരു ദൂരദർശൻ കാലമായിരുന്നു. മലയാളം ഭൂതല സംപ്രേഷണത്തിന്റെ ഇടവേളകളിൽ ‘കള്ളൻ പവിത്രൻ’ പ്രദർശനം ആരംഭിക്കുന്നു. ഓപ്പറേറ്റർ ഞാൻ. പിന്നീട് നീല വെളിച്ചം പ്രസരിക്കുന്ന തിയ്യേറ്ററുകളിലെ പ്രൊജക്ടറുകൾ ഇഷ്ടപ്പെട്ടതും പ്രൊജക്ടർ ഓപ്പറേറ്റർ ആകാൻ ആഗ്രഹിച്ചു കുത്തിയതോട് സാരഥി ടാക്കീസിൽ പഠിച്ചതും ഈ ഓപ്പറേറ്റർ പണി ചെയ്തത് കൊണ്ടാവണം. അങ്ങിനെ ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞങ്ങൾ പദ്മരാജൻ സിനിമകൾ കാണുന്നു. നാട്ടിലെ കുട്ടികളും ചന്ദ്രൻ ചേട്ടന്റെ അമ്മ സരസ്വതിയമ്മയും ഉണ്ടാവും ഒപ്പം.

ചന്ദ്രൻ ചേട്ടന്റെ മൂത്ത ചേച്ചി രാധയുടെ പേരാണ് വീടിനിട്ടിരിക്കുന്നത്. ചന്ദ്രൻ ചേട്ടൻ ഇടയ്ക്ക് കളിയാക്കി ചോദിക്കും ‘ഇന്നെന്താ രാധാ ടാക്കീസിൽ പടം?’ എന്നൊക്കെ.

അക്കാലത്തു ഗൾഫിൽ പോയിരുന്ന നാട്ടുകാർ പരസ്പരം കാസറ്റുകൾ കൈമാറിയിരുന്നു. ‘മഹേഷിന്റെ പ്രതികാരം ‘എഴുതാൻ ശ്യാം പുഷ്ക്കരന് പ്രചോദനമായ തമ്പാൻ പുരുഷൻ അക്കാലത്തു ഗൾഫിൽ നിന്ന് വന്നു. വീടിനോട് ചേർന്ന് ഒരു ചാരായ ഷാപ്പുണ്ടായിരുന്നു തമ്പാന്. പുരുഷൻ ചേട്ടന്റെ കയ്യിൽ നിന്നും ഞങ്ങൾ കുട്ടികൾ കാസറ്റുകൾ വാങ്ങും. ‘മൂൺ സ്ട്രൈക്കെ’ർ, ‘അനുബന്ധം’, ‘പറന്നു പറന്നു പറന്ന്’, ‘തിങ്കളാഴ്ച നല്ല ദിവസം’, ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ’ എന്നീ ചിത്രങ്ങൾ ഞങ്ങൾ അങ്ങിനെ കണ്ടു.

പദ്മരാജനുമായി തമ്പാൻ പുരുഷന്റെ ബന്ധം അവിടെ തീർന്നില്ല. പുരുഷൻ ചേട്ടന്റെ കഥ പറഞ്ഞ ‘മഹേഷിന്റെ പ്രതികാരത്തി’ന് പദ്മരാജൻ പുരസ്‌കാരം ലഭിച്ചു. സിനിമ ഇറങ്ങുമ്പോഴേക്കും തമ്പാനെ ഒരു അപകടം, മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു.

കുത്തിയതോട് സാരഥി ടാക്കീസിൽ ‘കരിയിലക്കാറ്റുപോലെയും’ തുറവൂർ ശ്രീകൃഷ്ണ തിയേറ്ററിൽ  ‘ദേശാടനക്കിളി കരയാറില്ല’യും കണ്ടു. കശുവണ്ടിക്കാലം ഒന്നര രൂപാ ടിക്കറ്റിനു കാശ് തന്നു.

എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൊച്ചച്ചന്റെ കല്ല്യണം. അന്ന് കല്യാണത്തിന് വേദിക്കരികിൽ രണ്ട് ടീവി വയ്ക്കും. പദ്മരാജൻ ചിത്രങ്ങളിലെ പാട്ടുകളായിരുന്നു അന്നത്തെ ഓർമ്മ.

ഹൈസ്കൂൾ കാലത്തെ കൗമാര പ്രണയ കാലത്തിനു കൂട്ട് വന്നത് ‘തൂവാനത്തുമ്പി’കളിലെ ‘ഒന്നാം രാഗം പാടി’ എന്ന പാട്ടായിരുന്നു. സിനിമയിലെ നായകനായി സ്വയം സങ്കൽപ്പിച്ചു നടന്ന നാളുകൾ. മഴയൊഴിഞ്ഞു മരം പെയ്യുന്ന വൈകുന്നേരങ്ങളിൽ കണ്ണുകൾ, നിലത്തിഴയുന്ന ഒരു പാവാടത്തുമ്പു തേടി നിന്നു. ഓർത്തു പാടിയ പാട്ടിന്റെ പല്ലവിയിൽ അവൾ നായികയായി നിറഞ്ഞു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പദ്മരാജൻ എന്നെഴുതി കാണിക്കുന്നിടത്ത് കയ്യടിക്കാൻ തോന്നിത്തുടങ്ങി.

പിന്നെ ‘അപരൻ’, ‘മൂന്നാം പക്കം’ എന്നീ ചിത്രങ്ങൾ ഒരേ വർഷം ഇറങ്ങി, 1988ൽ. ‘മൂന്നാം പക്ക’ത്തെ മരണക്കടൽ കണ്ടു വല്ലാതെ സങ്കടപ്പെട്ടു ഞങ്ങൾ. പത്തിൽ പഠിക്കുമ്പോൾ ‘സീസൺ’ ഇറങ്ങുന്നു. ഒരു സായിപ്പ് മലയാള സിനിമയിൽ വില്ലനായി വന്നിരിക്കുന്നു. ഒന്നിച്ചു കണ്ട് ആഘോഷമാക്കി മാറ്റിയ മറ്റഡോർ വാനിലെ മോഹൻലാലിന്റെ ഗംഭീര ഇടി. മുഖത്തേയ്ക്കു വെയിലരിച്ചു വീഴുന്ന വൈക്കോൽ കളർ തൊപ്പി വച്ച നായകനോട് തോന്നിയ വീരാരാധന.

പ്രീഡിഗ്രി കാലം വന്നപ്പോ ചേർത്തല പാരഡെയ്സ് തിയേറ്ററിൽ ഞങ്ങൾ ‘ഇന്നലെ’ കണ്ടു. പുതുമയുള്ള അതിലെ പാട്ടുകളും ഇന്നലെ മറന്നു പോയ ശോഭനയുമായിരുന്നു അന്നൊക്കെ ഞങ്ങളുടെ ചർച്ചാ വിഷയങ്ങൾ. പ്രണയം വെട്ടിപ്പിടിക്കലല്ല വിട്ടുകൊടുക്കലാണ് എന്ന് പറഞ്ഞു തന്ന സിനിമ.

അതും കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷമാണ് ‘തകര’ കൂട്ടുകാരൊത്തു ഞങ്ങൾ വി സി ആര്‍ വാടകയ്‌ക്കെടുത്തു കാണുന്നത്. ഹൃദയം തുടിച്ചു കണ്ട കടലുടലിന്റെ ലാസ്യം ശരീരത്തിൽ ചില ഇളക്കങ്ങൾ സൃഷ്‌ടിച്ചു. കടലും കാറ്റും മത്സരിച്ചു പ്രണയിച്ച പെണ്ണുടലിന്റെ നിമ്‌നോന്നതങ്ങൾ ഇടിമുഴക്കമുണ്ടാക്കി നെഞ്ചിൻകൂട്ടിൽ.

‘ഒരിടത്തൊരു ഫയൽവാനിൽ’ മല്ലനെ മുട്ടു കുത്തി നടത്തിയ നായികയും, ‘അരപ്പട്ട’യിലെ സക്കറിയയുടെ വേശ്യാഗൃഹം തേടിയുള്ള പോക്കും അതുവരെ കണ്ട് വന്ന കാഴ്ചയുടെ അർത്ഥങ്ങളും ശീലങ്ങളും മാറ്റിയെഴുതി.

പദ്മരാജൻ പ്രണയം കൊണ്ടു പോയി എത്തിച്ചത് പിന്നെ പദ്മരാജൻ തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങളിലേയ്ക്ക്. ഒപ്പം ‘പ്രതിമയും രാജകുമാരിയും’ പോലുള്ള നോവലുകളിലേയ്ക്കും.

പദ്മരാജൻ പിന്നീടെപ്പോഴോ ഒരു ഒബ്സെഷനായി തീർന്നു.

എട്ടു വർഷം മുൻപ് ആകാശവാണിയിൽ ഒരോർമ്മ ദിവസം, ചിത്രതരംഗം എന്ന പ്രോഗ്രാമിന് വേണ്ടി രാധാലക്ഷ്മിയമ്മയെ വിളിച്ചു. ഫോൺ റെക്കോർഡ് ചെയ്തു. ഓർമ്മകളിലൂടെ കടന്നു പോകവേ പഴയ ആകാശവാണിക്കാലം ഇതൾ വിടർന്നു. അതേ, പദ്മരാജൻ പ്രോഗ്രാം അനൗൺസർ ആയിരുന്നല്ലോ ആകാശവാണിയിൽ. ആ കാലം നെയ്തെടുത്ത പ്രണയാംബരം ഒരിക്കൽ കൂടി നിവർത്തി വച്ചു രാധാലക്ഷ്മി പദ്മരാജൻ.

പദ്മരാജനോട് സ്വയം വർത്തമാനം പറഞ്ഞു പറഞ്ഞ് എപ്പോഴോ മകൻ അനന്തപദ്മനാഭനും, മകൾ മാധവിക്കുട്ടിയും കൂടപ്പിറപ്പുകളായി തോന്നി ത്തുടങ്ങിയിരുന്നു. കാലം കവർന്നെടുത്ത അനന്തപദ്മനാഭന്റെ കുഞ്ഞ് പദ്മരാജന്റെ വേർപാടിന്റെ വേളയിൽ ചങ്കുപൊട്ടി നിന്ന പപ്പന്റെ ചിത്രം മറ്റൊരു വേദനയായി പടർന്നു നിന്നു ഏറെക്കാലം. അത്രയും നാൾ രാധാലക്ഷ്മിയമ്മയെ ഇടയ്ക്കൊക്കെ വിളിച്ചിരുന്ന ഞാൻ അങ്ങോട്ട്‌ ഫോൺ ചെയ്യാൻ ഭയപ്പെട്ടു.

പിന്നീട് വീണ്ടും ഫോൺ വിളികളിൽ വളർന്നു പരസ്പരം കണ്ടുമുട്ടി പങ്കു വച്ച അച്ഛൻ കഥകളിൽ, ഞാനും പപ്പനും സ്വയം മറന്നു. സ്വപ്നത്തിനും നേരിനുമിടയിൽ പദ്മരാജൻ മിണ്ടാൻ വരുന്ന ഇല്ലിക്കാട്ടിലെ കാറ്റിനെക്കുറിച്ചു പറഞ്ഞു ഞാൻ. ‘ഞാൻ ഗന്ധർവ’നിലെ ആ ഗഗനചാരി. ഭ്രമാത്മകമായ ഒരു കഥ പോലെ വീടിനു പിന്നിലെ മുളംകൂട്ടിൽ പദ്മരാജൻ എനിക്ക് സാന്നിധ്യമായി.

padmarajan

അലസത വെടിഞ്ഞു കൊണ്ടു വായനയും എഴുത്തും തുടരാൻ എന്നോട് പറഞ്ഞ അച്ഛനെയോർത്തു പപ്പൻ ധ്യാനഭാവം പൂണ്ടു നിന്നു. ഇതു പോലെ കുറേ അനുഭവങ്ങൾ പറഞ്ഞ പലരെയും ഓർത്തെടുത്തു. അത്രയും വലിയ ഒരു പ്രതിഭയുടെ ആത്മീയ സാനിധ്യം ഭയന്ന കഥയില്ലാത്തവൻ ഞാൻ ആ മുളം കാടിന്റെ പടർപ്പു വെട്ടി മാറ്റി. കാലം മുളപൊട്ടിച്ച പുതു നാമ്പുകൾ വീണ്ടും തിടം വച്ച് ആർത്തു പൊന്തുന്നു.

ആ ജീവന ഭാവം പശ്ചാത്തലമാക്കി അനന്തപദ്മനാഭൻ നിൽക്കുന്നു. ജനിമൃതികൾക്കകലെ നിന്ന് അറിവില്ലാത്തവന്റെ ഹൃദയത്തിലേക്ക്, താമരയുടെ രാജാവ് ഉണർന്നുലയുന്നു. പതിഞ്ഞു വീശുന്ന കാറ്റിന്റെ താളത്തിലുലയുന്ന ഒരു പ്രഭാകണമായി ആത്മാവ് ചലനംകൊള്ളുന്നു.

ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും കൂട്ടുവന്ന ഋതുഭേദങ്ങളുടെ പാരിതോഷികം !

മുതുകുളത്തേയും എന്റെ നാട്ടിലെയും മണ്ണ് ഒരേ പോലെ എന്ന് പപ്പൻ പറയുന്നു. എന്റെ ആകാശവാണി ശബ്ദത്തിൽ, എന്റെയേകാന്ത യാത്രകളിൽ ഒരായിരം വട്ടം ഞാനുരുവിട്ട, പദ്മരാജന്‍  മുഴക്കത്തിൽ ജീവനിറ്റിച്ചു പറഞ്ഞ ആ പ്രശസ്ത ഗന്ധർവ്വ ഡയലോഗ് പറഞ്ഞു നോക്കുന്നു.

“ഞാൻ ഗന്ധർവ്വൻ.
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും
മാനാവാനും മനുഷ്യനാവാനും
നിന്റെ- ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി”

രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശിയപ്പോൾ യാത്രയായ എന്റെയും പ്രിയപ്പെട്ട ഗന്ധർവന് ഉദകം പകരാൻ എന്റെ പക്കൽ എന്റെ ശബ്ദം മാത്രമേയുള്ളു അത് ഞാൻ സമർപ്പിക്കുന്നു. ‘ലോല’ വായിച്ചു റെക്കോർഡ് ചെയ്ത് മകന് അയച്ചപ്പോൾത്തന്നെ ഞാനതു ചെയ്തു കഴിഞ്ഞുവല്ലോ.

നടനും ശബ്ദകലാകാരനുമാണ് ലേഖകന്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook