“ഒരു ആര്‍മി കുടുംബ പശ്ചാത്തലത്തിലാണ് വളര്‍ന്നത്‌. ആണ്‍ പെണ്‍ ഭേദമില്ലാതെയാണ് എന്നെയും സഹോദരനെയും വളര്‍ത്തിയത്‌. ഒരു ടോം ബോയ്‌ ആയിരുന്നു ഞാന്‍. ലിംഗ വ്യത്യാസം ആദ്യം അനുഭവപ്പെട്ടത് കോളേജിലെ ആദ്യ ദിവസമാണ്. തിളിര്‍ത്തു വരുന്ന മാറിടത്തിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ഒരു പ്രൊഫസര്‍ പറഞ്ഞു, ‘ഇവിടെ ഇറുക്കമുള്ള ടി ഷര്‍ട്ട്‌ ധരിക്കാന്‍ പാടില്ല’ എന്ന്. അര മിനിറ്റ് പോലുമുണ്ടായിരുന്നില്ല ഞാനും അയാളും തമ്മിലുള്ള ഇടപെടല്‍. എങ്കിലും അതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. വീട്ടിലെത്തിയ ഞാന്‍ അമ്മയോട് ഈ കാര്യം പറഞ്ഞു. എന്‍റെ വിഷമം കണ്ടു അമ്മ പറഞ്ഞു ‘നീ വിഷമിക്കണ്ട. ഞാന്‍ നാളെ നിന്‍റെ കൂടെ കോളേജില്‍ വരാം’ എന്ന്”.

പോരാളിയാണ് എന്‍റെ അമ്മ. തന്‍റെ കൈനെറ്റിക്ക് ഹോണ്ടയില്‍ എന്നെ പിന്നിലിരുത്തി അവര്‍ കോളേജിലേക്ക് ഓടിച്ചു വന്നു. അമ്മ ധരിച്ചത് പ്രൊഫസര്‍ ഇടരുത് എന്ന് വിലക്കിയ അതേ ടി ഷര്‍ട്ടും സ്കര്‍ട്ടും. പ്രൊഫസറുടെ മുന്നില്‍ തന്നെ എന്നെ ഇറക്കി വിട്ട് അവര്‍ തിരിച്ചു ഓടിച്ചു പോയി.

ഇങ്ങനെ പല തരത്തില്‍ ഉള്ള ‘വയലേഷന്‍സി’ലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്, ജീവിതത്തില്‍ പല ഘട്ടങ്ങളിലായി. അതിലെനെയെല്ലാം എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതിരോധിച്ചിട്ടുമുണ്ട്. എങ്കിലും ഒരിക്കല്‍ പോലും അത് ഞാന്‍ ചെയ്യുന്ന ജോലിയുമായോ എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് തടസ്സമായോ ഭവിക്കും എന്ന് കരുതിയിരുന്നില്ല.”

സൂര്യ നൃത്ത സംഗീതോത്സവത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തു  സംഘടിപ്പിച്ച ‘ടോക്ക് ഫെസ്റിവലി’ല്‍ ചൊവ്വാഴ്ച സംസാരിക്കവേ നടി പദ്മപ്രിയ പങ്കു വച്ച അനുഭവമാണ് ഇത്. വിമന്‍ ഇന്‍ സിനിമാ കളക്റ്റിവിന്‍റെ  ഉത്ഭവം, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍, മുന്നോട്ടുള്ള വഴി തുടങ്ങിയവയെക്കുറിച്ച് സുദീര്‍ഘമായി സംസാരിച്ച പദ്മപ്രിയ ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനം, സിനിമയിലെയും പുറത്തെയും ആളുകള്‍ ഈ വിഷയത്തെ നോക്കിക്കാണുന്ന രീതി, ഇതില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തന്‍റെ ചെറു പഠനവും പ്രസെന്‍റെഷനും വേദിയില്‍ അവതരിപ്പിച്ചു.

Read More: ഞാനിനിയും പറഞ്ഞുകൊണ്ടേയിരിക്കും: പാര്‍വ്വതി

“പല കാര്യങ്ങളും സംസാരിക്കപ്പെടുമ്പോഴാണ്‌ അതിനു ക്ലാറിറ്റി വരുക. അതിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുള്ളൂ. സിനിമയിലെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് തന്നെയാണ് ഞാനും ഞാന്‍ ഉള്‍പ്പെടുന്ന ഈ കൂട്ടായ്മയും ആഗ്രഹിക്കുന്നത്. അതിന് സമയമെടുക്കും എന്നും ഞങ്ങള്‍ തിരിച്ചറിയുന്നു. ഇതിനൊരു തുടക്കം എന്ന നിലയില്‍ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രധാനമാണ് എന്ന് ഞങ്ങള്‍ കരുതുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗന്ദര്യമുള്ള ഒരു പുരുഷനെയോ സ്ത്രീയെയോ സ്ക്രീനില്‍ കണ്ടു ആരാധിക്കുന്നതിലും സന്തോഷിക്കുന്നതിലും തെറ്റൊന്നും കാണുന്നില്ല, എന്നാല്‍ സ്ത്രീ ശരീരത്തിന്‍റെ ‘ഒബ്ജക്റ്റിഫിക്കെഷന്‍’ ആശ്യാസ്യമാണ് എന്ന് കരുതുന്നില്ല.

ഒരു ശരീരമായി മാത്രം, അല്ലെങ്കില്‍ സൗന്ദര്യമുള്ള ഒരു വസ്തുവായി മാത്രം സ്ക്രീനില്‍ ചുരുങ്ങിപോകേണ്ട സന്ദര്‍ഭങ്ങള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും സിനിമയില്‍ ഉണ്ടാകാറുണ്ട്. അതാണു എതിര്‍ക്കപ്പെടേണ്ടത്. സിനിമയുടെ ‘മേക്കിംഗ്’ സമയത്തും, കഥ – തിരക്കഥ എന്നിവയിലും സ്ത്രീകള്‍ക്ക് പങ്കാളിത്തം ആവശ്യമുണ്ട്. ആ പങ്കാളിത്തം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നതായും പദ്മപ്രിയ.

Padmapriya at soorya

“അടുത്തിടെ അഭിനയിച്ച ഹിന്ദി സിനിമ ‘ഷെഫി’ ന്‍റെ തിരക്കഥ റീഡിംഗ് നടക്കുന്നതിനിടെ ഞാന്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം അതിന്‍റെ സംവിധായകന് ബോധ്യപ്പെട്ടു, അത് മാറ്റാന്‍ അദ്ദേഹം തയ്യാറായി. ഞാനും സൈഫ് അലി ഖാനും അഭിനയിക്കുന്ന ആദ്യ രംഗമായിരുന്നു അത്. വിവാഹമോചിതരായ അവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുകയാണ്. ആ സീനില്‍ അവള്‍ അയാളോട് മുന്‍പെന്ന പോലെ പെരുമാറുന്നുണ്ട്. അത് അങ്ങനെയായിരിക്കില്ല എന്ന് എനിക്ക് തോന്നി. വര്‍ഷങ്ങളായി അകന്നു കഴിയുന്നവരാണ്. അവര്‍ വീണ്ടും ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ, അല്ലെങ്കില്‍ ഒരു വീട്ടില്‍ താമസിക്കുന്നവരെപ്പോലെയുള്ള അടുപ്പം കാണിക്കില്ല. പ്രത്യേകിച്ച് സ്ത്രീകള്‍.  ഇതിലെ സ്ത്രീ കഥാപാത്രം ആ വിവാഹത്തില്‍ നിന്നും പൂര്‍വ്വ ഭര്‍ത്താവില്‍ നിന്നുമൊക്കെ വളരെ അകന്നു കഴിയുന്നവരാണ്. അവര്‍ ഒരിക്കലും അയാളോട് ‘കുടിക്കാന്‍ ചായ വേണോ’ എന്നും ‘കുളിക്കാന്‍ ടവല്‍ വച്ചിട്ടുണ്ട്’ എന്നുമൊന്നും പറയാന്‍ സാധ്യതയില്ല. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ സംവിധായകന്‍ രാജകൃഷ്ണ മേനോനും അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സൈഫ് അലി ഖാനും ബോധ്യപ്പെട്ടു. അതിനു അനുസൃതമായ മാറ്റങ്ങള്‍ ആ സീനില്‍ വരുത്തി. ഇപ്പോള്‍ സിനിമ കണ്ടാല്‍ അറിയാം, വളരെ സ്വാഭാവികമായി തോന്നുന്ന ഒരു സീന്‍ ആണ് അതിപ്പോള്‍.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ