ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായി മണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ. ഇതിനു മുൻപും കൃഷി ചെയ്യുന്ന വീഡിയോ പത്മപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇത്തവണ ചെടികൾ പരിപാലിക്കുന്നതിനൊപ്പം തോട്ടത്തിൽ നിന്ന് ചുവടുവയ്ക്കുന്നുമുണ്ട് താരം. ഓറഞ്ച് തലയിൽ വച്ച് നൃത്തം ചെയ്യുന്ന പത്മപ്രിയയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീടിനു പിൻവശമാണ് പത്മപ്രിയയുടെ കൃഷി സ്ഥലം.
ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്, റോഷന് മാത്യൂസ്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
തെലുങ്ക് ചിത്രം ‘സീനു വാസന്തി ലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം ‘കാഴ്ച്ച’യിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥൻ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികൾക്കു സുപരിചിതയായി മാറി. അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.