നിലവില്‍ ‘അമ്മ’യില്‍ നടക്കുന്ന പ്രതിസന്ധി പുറത്താക്കപ്പെട്ട നടനെയോ ആക്രമണത്തെ അതിജീവിച്ച നടിയെയോ മാത്രം ബാധിക്കുന്നതല്ല, താരസംഘടനയിലെ ഓരോ സ്ത്രീയേയും ബാധിക്കുന്നതാണെന്ന് നടി പത്മപ്രിയ. നാളെ തനിക്കൊരു പ്രശ്‌നം ഉണ്ടായാല്‍ ‘അമ്മ’ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും പത്മപ്രിയ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

‘ഞങ്ങള്‍ ഞങ്ങളുടെ ആശങ്ക, ‘അമ്മ’യെ അറിയിച്ചിട്ടുണ്ട്. അനുകൂലമായൊരു നടപടി തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് പുറത്താക്കപ്പെട്ട നടന്റെ മാത്രം വിഷയമല്ല. ആക്രമണത്തെ അതിജീവിച്ച നടിയും ഈ സംഘടനയുടെ ഭാഗമാണ്. ഈ രണ്ടു പേരേയും ‘അമ്മ’ ഒരുപോലെയാണ് കാണേണ്ടത്. ഈ വിഷയം രണ്ടുപേരില്‍ ഒതുങ്ങുന്നതല്ല, അതിലെ ഓരോ സ്ത്രീകളുടേയും വിഷയമാണ്. നാളെ എനിക്കൊരു പ്രശ്‌നം വന്നാല്‍ ‘അമ്മ’ എങ്ങനെയാകും പ്രതികരിക്കുക,’ എന്നും പത്മപ്രിയ ചോദിച്ചു.

നടിക്കൊപ്പം നില്‍ക്കുക എന്നത് തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ് എന്നു കരുതുന്നവരാണ് ‘എന്തുകൊണ്ട് നിങ്ങള്‍ ഈ വിഷയം യോഗത്തില്‍ ഉന്നയിച്ചില്ല,’ എന്നു ചോദിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു. ഒപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനെ പുറത്താക്കുന്ന തീരുമാനമെടുക്കാന്‍ മണിക്കൂറുകളെടുത്തപ്പോള്‍ തിരിച്ചെടുക്കുന്ന തീരുമാനത്തിലെത്താന്‍ മിനുറ്റുകളേ ആവശ്യം വന്നുള്ളൂവെന്ന വസ്‌തുതയും തന്നെ ഞെട്ടിച്ചുവെന്ന് പത്മപ്രിയ വ്യക്തമാക്കി.

താന്‍ വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവിലെ മാത്രം അംഗമല്ല, ‘അമ്മ’യുടേയും അംഗമാണെന്നും അതിനാല്‍ അംഗങ്ങളെ ഒരുപോലെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ‘അമ്മ’ തയ്യാറാകണമെന്നും പറഞ്ഞ പത്മപ്രിയ, അനുകൂലമായ തീരുമാനം ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും വ്യക്തമാക്കി.

‘അമ്മ’യ്‌ക്ക് നല്‍കിയ കത്തില്‍ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. വളരെ ജനാധിപത്യപരമായുള്ള തീരുമാനമാണിതെന്നും കത്തില്‍ ഒപ്പിടുക എന്നത് തങ്ങളുടെ വ്യക്തിപരമായ തീരുമാനമാണെന്നും വ്യക്തമാക്കിയ പത്മപ്രിയ, തീരുമാനമെടുക്കാന്‍ ‘അമ്മ’യ്‌ക്ക് സമയം നല്‍കണമെന്നും പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ