അമേരിക്കൻ എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മോഡലും ടെലിവിഷൻ അവതാരകയും നടിയുമായ പത്മ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പിങ്ക് നിറത്തിലുള്ള ബിക്കിനിയുമണിഞ്ഞ് കടൽത്തീരത്തു നിൽക്കുന്ന ഏതാനും ചിത്രങ്ങളാണ് പത്മ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

“അമ്പതുകൾ എന്നാൽ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നേയുള്ളൂ,” എന്നാണ് പത്മ കുറിക്കുന്നത്. ഇന്നലെയായിരുന്നു പത്മലക്ഷ്മി തന്റെ അമ്പതാം ജന്മദിനം ആഘോഷിച്ചത്. അമ്പതുകളിലും യുവത്വത്തെ തോൽപ്പിക്കുന്ന പത്മയുടെ ഫിറ്റ്നസ് മികവിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

മദ്രാസിലെ ഒരു മിഡിൽ ക്ലാസ് തമിഴ് കുടുംബത്തിൽ ജനിച്ചുവളന്ന പത്മ തന്റെ നാലാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ന്യൂയോർക്കിലെ മാൻഹട്ടനിൽ ആയിരുന്നു പത്മാലക്ഷ്മി തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. ലോസ് ഏഞ്ചൽസിൽ വളർന്നുവരുന്ന ഒരു കൗമാരക്കാരിയെന്ന നിലയിൽ നിരവധി തവണ താൻ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് പത്മ തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രതിസന്ധികളിലൂടെ കടന്നുവന്ന ജീവിതമാണ് പത്മലക്ഷ്മിയുടേത്. പതിനാലാം വയസ്സിൽ സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്ന അപൂർവ്വരോഗം (ഒരു തരം അണുബാധ) ബാധിച്ച പത്മ മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് രണ്ടു ദിവസങ്ങൾക്കു ശേഷം കാലിഫോർണിയയിൽ വെച്ചുണ്ടായ ഒരു കാറപടകത്തിൽ പത്മയുടെ വലതുകാലിനും വലതു കൈയ്ക്കും സാരമായ പരിക്കുകളേറ്റു. ഒടിഞ്ഞ കൈ നേരെയാക്കാനുള്ള ശസ്ത്രക്രിയ പത്മയിൽ അവശേഷിപ്പിച്ചത് കൈമുട്ടിനും ഷോൾഡറിനും ഇടയിൽ ഏഴ് ഇഞ്ചോളം വലിപ്പമുള്ള ഒരു മുറിവാണ്. കുട്ടിക്കാലത്തെ ആ അപകടത്തിന്റെ ഓർമയെന്നവണ്ണം ആ മുറിപ്പാട് ഇപ്പോഴും പത്മയുടെ കൈകളിൽ അവശേഷിക്കുന്നു. ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മലക്ഷ്മി തുറന്നെഴുതിയിട്ടുണ്ട്.

Read more: പതിനാറാം വയസില്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്: പത്മാ ലക്ഷ്മി

21-ാം വയസ്സിലാണ് പത്മലക്ഷ്മി മോഡലിംഗ് ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്ത് ഏറെ തിളങ്ങിയ പത്മ പിന്നീട് അഭിനയത്തിലേക്കും എത്തിച്ചേരുകയായിരുന്നു. ‘ടോപ്പ് ഷെഫ്’ എന്ന ടെലിവിഷൻ ഷോ​ ആണ് പത്മലക്ഷ്മിയെ ഒരു അവതാരക എന്ന രീതിയിൽ ഏറെ പ്രശസ്തയാക്കിയത്.

എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുമായുള്ള പത്മയുടെ പ്രണയവും വിവാഹവും പത്മയെ വീണ്ടും വാർത്തകളിലെ താരമാക്കി. 2007ലാണ് പത്മലക്ഷ്മിയും സൽമാൻ റുഷ്ദിയും വേർപ്പിരിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook