പദ്മഭൂഷൺ ലഭിച്ച സന്ദർഭത്തിൽ സഹപ്രവർത്തകർക്കും ആരാധകർക്കും നന്ദി അറിയിച്ച് ഗായിക കെ എസ് ചിത്ര. പത്മഭൂഷൻ ലഭിച്ചത് അറിഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്നും ചിത്ര വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഈ ഘട്ടത്തിൽ, ഞാൻ സർവ്വശക്തനോട് നന്ദി പറയുകയും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾ ഓർക്കുകയും ചെയ്യുന്നുവെന്നും ചിത്ര പറഞ്ഞു. ഇന്നത്തെ ഈ നേട്ടം സാധ്യമാക്കിയ എല്ലാ നിർമ്മാതാക്കൾ, സംവിധായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ, സൗണ്ട് എഞ്ചിനീയർമാർ എന്നിവരെ ഇന്ന് ഞാൻ ഓർക്കുന്നുവെന്നും അവർ പറഞ്ഞു.
“എന്റെ പ്രിയപ്പെട്ടവരുടെയും എല്ലാ ആരാധകരുടെയും സ്നേഹവും പ്രാർത്ഥനയും നല്ല മനസ്സുമാണ് എന്നെ ജീവിതത്തിൽ മുന്നോട്ട് നയിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. മഹത്തായ നമ്മുടെ രാജ്യത്തോടും ജനതയോടും ഞാൻ നന്ദിയർപ്പിക്കുന്നു. ദൈവം ഇന്ത്യയെ അനുഗ്രഹിക്കട്ടെ, ജയ് ഹിന്ദ്, ”ചിത്ര പറഞ്ഞു.
View this post on Instagram
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയെ 72ാം റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുമ്പോൾ, അഭിനന്ദനങ്ങളും ആശസംകളും അറിയിച്ച് സിനിമാ-സംഗീത ലോകം. ഗായകരായ സിതാര കൃഷ്ണകുമാർ, രഞ്ജിനി ജോസ്, റിമി ടോമി, ജ്യോത്സന, ഇഷാൻ ദേവ്, മഞ്ജരി തുടങ്ങി നിവധി പേരാണ് കെ.എസ് ചിത്രയ്ക്ക് ആശംസകളുമായി എത്തിയത്.
View this post on Instagram
1979-ല്‍ സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്തേയ്ക്ക് ചിത്രയെത്തിയത്. എന്നാല്‍ ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ചിത്രയ്ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങൾ എത്തി.
Read More: എസ്പിബിക്ക് പത്മവിഭൂഷൺ; കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രത്തിന് പത്മശ്രീ
View this post on Instagram
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘നീ താനേ അന്നക്കുയില്‍’ എന്ന ചിത്രത്തില്‍ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 15,000ത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്.
View this post on Instagram
1983ല്‍ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രർ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാർഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാർഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാർഡ് ചിത്രയും നേടി.
View this post on Instagram
1987 ൽ ‘നഖക്ഷതങ്ങൾ’ ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിന് ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എം.ടി.വാസുദേവൻ നായർ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. വിനീത്, മോനിഷ, സലീമ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1989 ൽ മൂന്നാമത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തി. ‘വൈശാലി’ ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. പുരാണ കഥയെ ആസ്പദമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. സുപർണ ആനന്ദ്, സഞ്ജയ് മിത്ര, ഗീത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന താരങ്ങൾ.
‘മിൻസാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ൽ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. എ.ആർ.റഹ്മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭുദേവ, അരവിന്ദ് സ്വാമി, കജോൾ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
ഭാരതത്തിന്റെ വാനമ്പാടിക്ക് പത്മഭൂഷൺ
അഭിമാനിക്കുന്ന ഓരോ മലയാളികൾക്കുമൊപ്പം ഞാനും K S ChithraHappy Republic Day wishes to the Indians
Posted by Ishaan Dev on Monday, 25 January 2021
Congrats Padmabhushan K S Chithra chechi
Posted by Sithara on Monday, 25 January 2021
1997 ൽ ഹിന്ദി ചിത്രം വിരാസത്തിലെ ‘പായലേ ചുൻ മുൻ’ എന്ന ഗാനത്തിന് അഞ്ചാമത്തെ ദേശീയ പുരസ്കാരം നേടി. പ്രിയദർശനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. അനിൽ കപൂർ, തബു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കമൽ ഹാസൻ അഭിനയിച്ച തമിഴ് ചിത്രം തേവർ മകന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. 2004 ൽ തമിഴ് ചിത്രം ഓട്ടോഗ്രാഫിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. ‘ഒവ്വൊവ്വൊരു’ പൂക്കളുമേ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് പുരസ്കാരം.
പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.
അന്തരിച്ച സംഗീതജ്ഞന് എസ്.പി.ബാലസുബ്രഹ്മണ്യത്തിനും ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അടക്കം ഏഴുപേരെ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. കെ.എസ് ചിത്ര അടക്കം പത്തുപേര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായികപരിശീലകന് ഒ.എം.നമ്പ്യാര്‍, എഴുത്തുകാരന് ബാലന് പുതേരി, തോല്‍പ്പാവക്കൂത്ത് കലാകാരന് കെ.കെ.രാമചന്ദ്ര പുലവര്‍, ആരോഗ്യവിദഗ്ധന്‍ ഡോ. ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook