Paappan OTT Release date Zee 5: നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ പാപ്പൻ തിയേറ്ററുകൾക്കു നൽകിയ ആശ്വാസം ചെറുതല്ല. ഗംഭീര ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 29നായിരുന്നു പാപ്പൻ തിയേറ്ററുകളിലെത്തിയത്.
അതേസമയം, ചിത്രം എപ്പോഴാവും ഒടിടിയിൽ റിലീസ് ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഒടിടി പ്രേമികൾ. മലയൻകുഞ്ഞ് പോലുള്ള ചിത്രങ്ങൾ തിയേറ്ററിൽ ഒരു മാസം പൂർത്തിയാക്കും മുൻപ് തന്നെ ഒടിടി റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാപ്പനും അധികം വൈകാതെ ഒടിടിയിൽ കാണാമെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടൽ.
പാപ്പന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ആണ്. എന്നാൽ എന്നാണ് ഒടിടി റിലീസ് എന്നതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തുകയാണ് പാപ്പനിൽ. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.
ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. സണ്ണി വെയ്ൻ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.