‘വന്ത രാജാവാതാന്‍ വരുവേന്‍’ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്റെ കട്ടൗട്ടില്‍ പാല്‍ ഒഴിക്കണമെന്ന് പറഞ്ഞ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് തമിഴ് നടന്‍ ചിമ്പു. ഇതിന് പിന്നാലെയാണ് പാല്‍ വില്‍പ്പനക്കാര്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. തമിഴ്നാട്ടില്‍ സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് കാലത്ത് പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നതായാണ് ഇവര്‍ പരാതിപ്പെട്ടത്.
കട്ടൗട്ടുകളിൽ പാൽ അഭിഷേകം നടത്തുന്നത് നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ടൺകണക്കിന് പാൽ പാഴാകുന്നത് തടയാൻ നടപടി വേണമെന്നും റിലീസ് ദിനങ്ങളിൽ പാൽ കടകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. തമിഴ്‍നാട് പാൽ വിൽപന വിതരണ തൊഴിലാളി ക്ഷേമ സംഘടനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2015 മുതല്‍ പാലഭിഷേകം നിരോധിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായി സംഘടനയുടെ പ്രസിഡന്റ് എസ്.എ പൊന്നുസ്വാമി പറഞ്ഞു.
Read more: തലൈവരുടെ ‘പേട്ട’യെ പിന്നിലാക്കി ‘തല’യുടെ വിശ്വാസം
‘പാല്‍ പാക്കറ്റുകളുടെ മോഷണം ഇപ്പോള്‍ അധികരിച്ചിരിക്കുകയാണ്. പാലഭിഷേകം നടത്തപ്പെടുന്ന എല്ലാ നടന്മാരേയും ഞങ്ങള്‍ സമീപിച്ചിരുന്നു. രജനികാന്ത്, അജിത്, വിജയ് തുടങ്ങി മിക്ക നടന്മാര്‍ക്കും ഇത് സംബന്ധിച്ച് അപേക്ഷ അയച്ചിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ അവര്‍ ആരും തന്നെ ഒന്നും ചെയ്തില്ല,’ പൊന്നുസ്വാമി പറഞ്ഞു.
‘പാല്‍ പാക്കറ്റുകളുമായി അര്‍ദ്ധരാത്രിയോടെയാണ് ട്രക്കുകള്‍ എത്താറുളളത്. പുലര്‍ച്ചയോടെയാണ് പാല്‍ വിതരണം നടക്കുന്നത്. കടകളുടെ പുറത്ത് പെട്ടികളിലാണ് പാല്‍ വെക്കാറുളളത്. സൂപ്പര്‍താരത്തിന്റെ ആരാധകര്‍ ഈ സമയത്താണ് പാല്‍ മോഷ്ടിക്കുന്നത്,’ പൊന്നുസ്വാമി ആരോപിച്ചു. സൂപ്പർതാര ചിത്രങ്ങൾ തിയേറ്ററിലെത്തുന്ന ആദ്യ ദിനം ഏറ്റവും കൂടുതൽ അളവിൽ പാൽ അഭിഷേകം ചെയ്യുന്നത് താരങ്ങളുടെ കരുത്തു തെളിയിക്കാനെന്നാണ് ഇവരുടെ വിശ്വാസം. തമിഴ്നാട്ടിലെന്ന പോലെ, കേരളത്തിലും ഇതിനു വൻ പിന്തുണയുണ്ട്. അയൽ സംസ്ഥാനത്തെ ആചാരത്തിനു ചുവടു പിടിച്ച്, അന്യഭാഷ ചിത്രങ്ങൾ ഇവിടെ റിലീസ് ആവുമ്പോഴും, മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോഴും പാലഭിഷേകം നടത്താറുണ്ട്.