ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സൽമാൻ ചിത്രം ‘ടൈഗർ സിന്ദ ഹൈ’ തെരെഞ്ഞെടുക്കപ്പെട്ടതിന്റെ മാനദണ്ഡം തനിക്കു മനസ്സിലാവുന്നില്ലെന്ന് പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പനോരമ സെക്ഷനിലേക്ക് തന്റെ ചിത്രം ‘കാലാ’ തിരഞ്ഞെടുക്കപ്പെടാതെ പോയതിന്റെ അതൃപ്തിയും രഞ്ജിത്ത് രേഖപ്പെടുത്തി.

ദലിതുകളുടെ പോരാട്ടത്തെ ഉയർത്തിക്കാട്ടുകയും കറുപ്പ് എന്ന നിറത്തിന്‍റെ രാഷ്ട്രീയമാനങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായ ‘കാലാ’. ഗൗരവമേറിയ അത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തെ ഒഴിവാക്കി നിരൂപകപ്രശംസ പോലും കിട്ടിയിട്ടില്ലാത്ത ‘ടൈഗർ സിന്ദ ഹൈ’ പോലൊരു ചിത്രം തെരെഞ്ഞെടുക്കപ്പെട്ടതിലെ ഔചിത്യത്തെ ചോദ്യം ചെയ്യുകയാണ് സംവിധായകൻ.

“നിർഭാഗ്യവശാൽ, ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ‘കാലാ’ തിരഞ്ഞെടുക്കപ്പെട്ടില്ല. ‘കാല’യ്ക്ക് പകരം ‘ടൈഗർ സിന്ദ ഹൈ’ എന്തുകൊണ്ട് തെരെഞ്ഞെടുക്കപ്പെട്ടു എന്നെനിക്കറിയില്ല. എന്താണിവിടെ നടക്കുന്നതെന്നും മനസ്സിലാവുന്നില്ല. ‘ടൈഗർ സിന്ദ ഹൈ’ നിരൂപകപ്രശംസ കൊണ്ടുപോലും ശ്രദ്ധിക്കപ്പെട്ട ചിത്രമല്ല, പക്ഷേ ‘കാലാ’ ആ തരത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്,” ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയുടെ 49-ാമത് എഡിഷനിൽ പങ്കെടുക്കാനെത്തിയ പാ രഞ്ജിത്ത് പിടിഐയോട് പ്രതികരിച്ചു.

പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ തിയേറ്ററുകളിലെത്തുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ‘പരിയേറും പെരുമാളി’ന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് മേളയിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇന്ത്യൻ സാമൂഹിക പരിസരങ്ങളെ നൂറ്റാണ്ടുകളായി ഏറെ ആഴത്തിൽ സ്വാധീനിച്ച ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ വിഷയമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാരി സെൽവരാജ് എന്ന നവാഗത സംവിധായകനാണ്. കറുപ്പിയെന്ന നായയുടെ കൊലപാതകത്തിലൂടെ പുരോഗമിക്കുന്ന കഥ, വേട്ട, വേട്ടയാടൽ തുടങ്ങിയവയെ  വളരെ തീവ്രമായി അവതരിപ്പിച്ച് ആസ്വാദകനെ പിടിച്ചു കുലുക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ