86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നല്ല കട്ട ലോക്കൽ ചിത്രമെന്ന് പറഞ്ഞാണ് അങ്കമാലി ഡയറീസ് പ്രേക്ഷകർക്കിടയിലെത്തുന്നത്. ചിത്രം സിനിമാ ആസ്വാദകരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്‌തു.
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കാമലി ഡയറീസിനെ അഭിനന്ദിച്ച് കബാലി സംവിധായകൻ പാ രഞ്‌ജിത്ത്. അങ്കമാലി ഡയറീസ് വിസ്‌മയകരമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അങ്കമാലി ടീമിനെ അഭിനന്ദിക്കാനും ഈ കബാലി സംവിധായകൻ മറന്നില്ല.
ഇതിന് മുൻപേ സിനിമാ രംഗത്ത് നിന്നുളള പലരും അങ്കമാലി ഡയറീസിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ, അനുരാഗ് കശ്യപ്, നിവിൻ പോളി, പൃഥിരാജ് തുടങ്ങി നീളുന്നതാണ് അഭിനന്ദനവുമായെത്തിയവരുടെ നിര.
‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’– എന്നാണ് മോഹൻലാൽ പറഞ്ഞത്.
ബോളിവുഡിന്റെ പ്രിയ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് “അസാധാരണ ചിത്രം” എന്നാണ് അങ്കമാലി ഡയറീസ് കണ്ട ശേഷം പ്രതികരിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സംഗീത സംവിധായകൻ പ്രശാന്ത് പിളള, നിർമാതാവ് വിജയ് ബാബു, ഛായാഗ്രാഹകൻ ഗിരീഷ് തുടങ്ങി മുഴുവൻ ടീം ഗംഭീരമായി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തോടൊപ്പം പറഞ്ഞു. താൻ ഈ വർഷം കണ്ടതിൽ വച്ച് മികച്ച സിനിമയാണിതെന്നും ചിത്രം വിസ്‌മയിപ്പിച്ചുവെന്നും അനുരാഗ് പറഞ്ഞു.
ചിത്രത്തെ അഭിനന്ദിച്ച് പൃഥിരാജും രംഗത്തെത്തിയിരുന്നു. 86 പുതുമുഖങ്ങൾക്കും മലയാള സിനിമയിലേക്ക് സ്വാഗതമെന്ന് പറഞ്ഞ പൃഥി അങ്കമാലി ഡയറീസിന്റെ എഴുത്തിനെയും ഫിലിം മേക്കിങ്ങിനെയും അഭിനന്ദിച്ചിരുന്നു.
ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. നടനായ ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.