ചെന്നൈ: മലയാളിയും ബിഗ് ബോസ് താരവുമായ ഓവിയ ഹെലന്റെ ആത്മഹത്യാശ്രമത്തില്‍ നടന്‍ കമല്‍ഹാസനെതിരെ പരാതി. കമല്‍ഹാസന് പുറമെ ബിഗ് ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജിയാണ് പരാതി നല്‍കിയത്. ഓവിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് പരാതി.

പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബാലാജി പരാതിയില്‍ പറയുന്നത്. ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കമല്‍ഹാസന്‍, ബിഗ് ബോസ് നിര്‍മ്മാതാക്കള്‍, വിജയ് ടിവി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ബാലാജി ആവശ്യപ്പെട്ടു.

ബിഗ് ബോസ് ഷോയില്‍ നിന്ന് കഴിഞ്ഞദിവസം ഓവിയ പുറത്തായിരുന്നു. ഇതിന്റെ സങ്കടം സഹിക്കാനാവാതെ ഷോ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് താരം എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ കുളത്തില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. 41 ദിവസത്തെ താമസത്തിനു ശേഷമാണ് ഓവിയ ഷോയില്‍ നിന്ന് പുറത്തായത്.

പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചത്. ബിഗ് ബോസ് ഷോ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും അധികം പിന്തുണ ലഭിച്ചത് ഓവിയക്കായിരുന്നു. പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ നിരവധി തവണ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഓവിയ ഷോയില്‍ തുടര്‍ന്നത്.

തമിഴ് സിനിമയിലാണ് സജീവമായിരിക്കുന്നതെങ്കിലും മലയാളിയാണ് ഓവിയ. ഹെലന്‍ നെല്‍സണ്‍ എന്ന ഓവിയ ജനിച്ചതും വളര്‍ന്നതും തൃശൂരാണ്. ചാനല്‍ പരിപാടികളിലൂടെയായിരുന്നു ഓവിയക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. കങ്കാരു എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് അപൂര്‍വ്വ, പുതിയ മുഖം തുടങ്ങിയ ചിത്രങ്ങളിലും ഓവിയ വേഷമിട്ടു. മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഓവിയ കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തുകയായിരുന്നു.

മാനസികമായി തകര്‍ന്ന ഓവിയ സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ചാടി മൂക്കുപൊത്തി മുങ്ങിയിരുന്നു. എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതോടെ മറ്റു മത്സരാര്‍ത്ഥികള്‍ നടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുകൊണ്ടാണ് നടി ഷോ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതിനിടെ ഓവിയ ആത്മഹത്യ ചെയ്‌തെന്ന് വ്യാജവാര്‍ത്തയും സമൂഹമാധ്യമങ്ങളിലൂടെ പടര്‍ന്നു. റിയാലിറ്റിഷോയുടെ സെറ്റില്‍ പൊലീസ് എത്തിയെന്നും വ്യാജവാര്‍ത്ത വന്നു. എന്തായാലും ഓവിയ ഇല്ലെങ്കില്‍ ഇനി സംപ്രേക്ഷണം ചെയ്യാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നാണ് ആരാധകരുടെ ഭീഷണി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ