കൊച്ചി: തന്റെ 70-ാം ജന്മദിനത്തിന് ആശംസകള്‍ അറിയച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് നടന് മമ്മൂട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മെഗാ സ്റ്റാര്‍ തന്റെ സന്തോഷം അറിയിച്ചത്. എന്നെ വ്യക്തിപരമായി അറിയാവുന്നവർ മുതൽ എന്നെ കണ്ടിട്ടില്ലാത്തവർ വരെ അവരുടെ സ്നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
“മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്, മോഹന്‍ലാല്‍, കമല്‍ ഹാസന് തുടങ്ങി സിനിമാ മേഖലയിലുള്ളവര്‍. മാധ്യമ പ്രവർത്തകർ, പ്രസിദ്ധീകരണങ്ങൾ, ചാനലുകൾ, രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരും സിനിമ പ്രേമികളും അവരുടെ സ്നേഹം എല്ലാത്തരത്തിലും അറിയിച്ചു എന്നതാണ് എന്നെ ഏറ്റവും അധികം സ്പര്‍ശിച്ചത്,” മമ്മൂട്ടി ഫെയ്സ്ബുക്കില്‍ എഴുതി.
“ജന്മദിനങ്ങള് വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ താത്പര്യമുള്ള വ്യക്തിയല്ല ഞാന്‍. എനിക്ക് വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ എന്നെ കാണുന്നു. ഈ ദിവസം അവര്‍ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. ഈ സമയത്താണ് ഞാന്‍ ശരിക്കും അനുഗ്രഹീതനാണെന്ന് തോന്നുന്നത്,” മമ്മൂട്ടി കുറിച്ചു.
“എന്റെ ആത്മാർത്ഥമായ നന്ദി പങ്കുവയ്ക്കുന്നു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്നേഹവും പതിന്മടങ്ങായി തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.