‘ഫില്‍മിസ്ഥാന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ കക്കറിന്റെ പുതിയ ചിത്രത്തിന്റെ പേര് ഒരൽപം കൗതുകം ഉണര്‍ത്തുന്നതാണ്. ‘മിത്രോം’ എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറയുന്നു.
പൊതുവേദികളിലെ പ്രസംഗങ്ങളിലൂടെ ‘മിത്രോം’ എന്ന വാക്കിനെ ഇത്രയേറെ പ്രശസ്തമാക്കിയത് പ്രധാനമന്ത്രിയാണ്.
‘ഞങ്ങളുടെ ചിത്രം സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്. ഗുജറാത്താണ് ലൊക്കേഷന്‍. അതുകൊണ്ടു തന്നെ വസ്ത്രങ്ങളും സംഭാഷണങ്ങളും എല്ലാം അതുപ്രകാരമാണ്. ഗുജറാത്തില്‍ സുഹൃത്തുക്കളെ വിളിക്കുന്നത് മിത്രാ അല്ലെങ്കില്‍ മിത്രോം എന്നാണ്. അതുകൊണ്ടാണ് ടൈറ്റില്‍ അങ്ങനെയിട്ടത്.
‘അതിന് നരേന്ദ്ര മോദിയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പദവിയെ ഞങ്ങള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുതരം ചീപ്പ് പബ്ലിസിറ്റിയ്ക്കും താത്പര്യമില്ല. അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണിത്. കാരണം അദ്ദേഹത്തിന്റെ നാടും ഗുജറാത്താണ്,’ നിതിന്‍ പറയുന്നു.
തെലുങ്ക് ചിത്രം ‘പെല്ലി ചൂപുലു’വിന്റെ റീമേക്കാണ് ‘മിത്രോം’. ‘നേരത്തേ ചിത്രീകരിച്ച ഒന്നിനെ നിങ്ങള്‍ മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോള്‍ അതൊരു പുതിയ സ്‌ക്രിപ്റ്റാകുന്നു. സാംസ്‌കാരികമായി വ്യത്യാസങ്ങളുണ്ടാകും പക്ഷെ കഥാപാത്രങ്ങളില്‍ സാമ്യങ്ങളുമുണ്ടാകും. അത്തരത്തില്‍ ഈ ചിത്രം മറ്റൊരു ഭാഷയില്‍ റീമേക്ക് ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞ ഉദ്യമമായിരുന്നു. അതേസമയം വളരെ പോസിറ്റീവുമായിരുന്നു,’ റീമേക്ക് എന്നല്ല ഒരു ചിത്രവും സുരക്ഷിതമായി നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും നിതിന്‍ വ്യക്തമാക്കുന്നു.