മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനുമാണെന്ന്. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് നിര്‍മ്മാണത്തില്‍ ശോഭിക്കാന്‍ സുപ്രിയക്കായി. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരത്ത് സുപ്രിയയാണ്.
തിരുവോണനാളില്‍ പൃഥ്വിക്കും സുപ്രിയയ്ക്കും ഇരട്ടി മധുരമാണ് ഇത്തവണ. ഏക മകള്‍ അലംകൃതയുടെ (അല്ലി) പിറന്നാളാണിന്ന്. ഇരുവരും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഹൃദ്യമായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
“ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അല്ലി,” പൃഥ്വിരാജ് കുറിച്ചു.
“നിനക്കിന്ന് എട്ട് വയസായിരിക്കുന്നു, എനിക്കറിയാവുന്നതില്‍ ഏറ്റവും മിടുക്കിയായ കുട്ടികളില്‍ ഒരാളാണ് നി. നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനം, നിന്നെ ഒത്തിരി ഇഷ്ടമാണ് കുട്ടാ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട് ഡാഡി ഇല്ലാത്ത ആദ്യ പിറന്നാളാണിന്ന്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് നിന്നെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,” പിറന്നാള്‍ ആശംസകള്‍ അല്ലി, സുപ്രിയ ആശംസിച്ചു.