Ottakkoru Kamukan Malayalam movie review: മുൻപരിചയങ്ങളൊന്നുമില്ലാത്ത, ജീവിതത്തിൽ മുൻപ് ഒരിക്കലും നേരിട്ട് കണ്ട് പരിചയം കൂടിയില്ലാത്ത, വ്യത്യസ്ത പ്രായത്തിലുള്ള നാലുപേർ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു പഴയ ഗോഡൗണിൽ വച്ചു ‘കണ്ടുമുട്ടുക’യാണ്. അക്കൂട്ടത്തിൽ വാർദ്ധക്യത്തിലെത്തിയ ഒരു പുരോഹിതനുണ്ട്, ഐടി പ്രൊഫഷണലായ ഒരു യുവതിയുണ്ട്. കൂടെ പ്രായം നാൽപ്പതുകൾ കടന്നിട്ടും ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഒരു കോളേജ് പ്രൊഫസറും ഷോർട്ട് ഫിലിം സംവിധാനവും സിനിമാഭ്രാന്തുമൊക്കെയായി നടക്കുന്ന ഒരു ചെറുപ്പക്കാരനുമുണ്ട്. അതൊരു വെറും കണ്ടുമുട്ടല്ലല്ല, നാലുപേരെയും തട്ടികൊണ്ടുവന്ന് ആ വിധം കൈകൾ കൂട്ടികെട്ടി കസേരകളിൽ തളച്ചിട്ടിരിക്കുന്നത് ഒരു ചെറുപ്പക്കാരനാണ്. ഇടയ്ക്കിടെ ക്ഷോഭത്തോടെയും ഉന്മാദിയെ പോലെയും പെരുമാറുന്ന ആ ചെറുപ്പക്കാരനെയോ അവന്റെ ഉദ്ദേശമെന്തെന്നോ ബന്ദികളാക്കപ്പെട്ട നാലുപേർക്കും അറിയില്ല. സസ്‌പെൻസ് നിറഞ്ഞൊരു തുടക്കമാണ് ‘ഒറ്റക്കൊരു കാമുകൻ’ പ്രേക്ഷകർക്ക് മുന്നിൽ വെയ്ക്കുന്നത്.

തന്റെ പ്രണയിനിയെ നഷ്ടപ്പെടാൻ പല തരത്തിൽ കാരണക്കാരായ ആ നാലുപേർക്ക് മുന്നിൽ ചെറുപ്പക്കാരൻ വിചിത്രമായൊരു ഓഫർ വെയ്ക്കുകയാണ്. എല്ലാവരും അവരവരുടെ പ്രണയകഥകൾ പറയണം. ഏറ്റവും നല്ല കഥ പറയുന്ന ആൾക്ക് അവിടെ നിന്നും ജീവനോടെ രക്ഷപ്പെടാം. മരണത്തിനു മുൻപിൽ നിന്നെന്ന പോലെ അവർ പറഞ്ഞു തുടങ്ങുന്നു, തങ്ങളുടെ പ്രണയങ്ങളെ കുറിച്ച്… അതിൽ ചതിയുടെയും വിശ്വാസ നഷ്ടത്തിന്റെയും ത്യാഗത്തിന്റെയും കഥകളുണ്ട്. ആ കഥകൾക്കെല്ലാം അവസാനം പ്രേക്ഷകരെ കാത്തിരിക്കുന്ന ട്വിസ്റ്റുകളോടു കൂടിയൊരു ക്ലൈമാക്സും. വേറിട്ടൊരു സിനിമാ അനുഭവമാണ് ‘ഒറ്റക്കൊരു കാമുകൻ’ പ്രേക്ഷകന് സമ്മാനിക്കുക. നർമ്മവും സസ്‌പെൻസും ഇമോഷൻസും എല്ലാം സിനിമ കാത്തുവെയ്ക്കുന്നുണ്ട്.

പല കാലഘട്ടങ്ങളിലെ, വ്യത്യസ്ത സ്വഭാവങ്ങളുള്ള നാലു പ്രണയങ്ങളുടെ കഥയാണ് ‘ഒറ്റക്കൊരു കാമുകൻ’. നാലിലും സമാനതകൾ ഉള്ളത് ‘പ്രണയം’ എന്ന വികാരത്തിനു മാത്രമാണ്. കോളേജ് പ്രൊഫസറായെത്തിയ ജോജു ജോർജ്, ഉന്മാദിയായ ചെറുപ്പക്കാരനായി എത്തിയ ഷൈൻ ടോം ചാക്കോ, വൈദികനായി വന്ന ബാലചന്ദ്രൻ ചുള്ളിക്കാട്, ഭഗത് മാനുവൽ, നിമി മാനുവൽ എന്നിവരിലൂടെ വികസിക്കുന്ന കഥയിലേക്ക് ഫ്ളാഷ് ബാക്ക് സ്റ്റോറികളിലൂടെ കടന്നെത്തുന്ന നടീനടന്മാരും തങ്ങളുടെ റോളുകൾ മനോഹരമാക്കുന്നുണ്ട്. വിജയ രാഘവൻ, അഭിരാമി, കലാഭവൻ ഷാജോൺ, ഷഹീൻ സിദ്ദിഖ്, ലിജോമോൾ ജോസ്, ഷാലു റഹിം, ഡെയ്ൻ ഡേവിസ്, ചെമ്പിൽ അശോകൻ, മനു എം ലാൽ, റ്റോഷ്‌ ക്രിസ്റ്റി, സഞ്ജയ് പാൽ, അരുന്ധതി നായർ, മീര നായർ തുടങ്ങി എല്ലാ കഥാപാത്രങ്ങൾക്കും പെർഫോമൻസിനുള്ള അവസരങ്ങൾ കാത്തുവെയ്ക്കുന്ന സിനിമ കൂടിയാണ് ‘ഒറ്റക്കൊരു കാമുകൻ’.

നവാഗതരായ അജിൻ ലാൽ , ജയൻ വന്നേരി എന്നിവരാണ് ‘ഒറ്റക്കൊരു കാമുകൻ’ എന്ന ചിത്രത്തിന്റെ സംവിധായകർ. ട്രീറ്റ്മെന്റിൽ പുതുമ കൊണ്ടുവരാനും എന്റർടൈനിംഗ് ആയ രീതിയിൽ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാനും സംവിധായകർക്ക് സാധിക്കുന്നുണ്ട്. ഇരട്ട സംവിധായകരെ പോലെ തന്നെ ഇരട്ട തിരക്കഥാകൃത്തുകൾ കൂടിയുണ്ട് സിനിമയുടെ അണിയറയിൽ. എസ് കെ സുധീഷ്, ശ്രീഷ് കുമാർ എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന രീതിയിലുള്ള കഥ പറച്ചിലിലിലും കഥാഖ്യാനരീതിയിൽ പുതുമ കൊണ്ടുവരുന്നതിലും ഇരുവരും വിജയിച്ചിട്ടുണ്ട്.

ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. സഞ്ജയ് ഹാരിസ് ഒരുക്കിയ ദൃശ്യങ്ങൾ മിഴിവോടെ നിൽക്കുന്നുണ്ട്. ഗാനരംഗത്തൊരിടത്ത് കാണിക്കുന്ന കടലിന്റെ വിഷ്വലും ജാതിത്തോട്ടത്തിനിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്ന ദൃശ്യങ്ങളുമൊക്കെ ഏറെ ഫീൽ നൽകുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും എഡിറ്റിംഗുമെല്ലാം നല്ല നിലവാരം പുലർത്തുന്നു. ഹൃദ്യമായ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്. സനൽ രാജ് ആണ് എഡിറ്റർ.

ചില ക്ലീഷെ രംഗങ്ങളും പ്രവചനാതീതമായ കഥാമുഹൂർത്തങ്ങളുമൊക്കെ ഉള്ളപ്പോഴും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ടേണുകളുമൊക്കെ കഥ കാത്തുവെയ്ക്കുകയാണ്. ഒറ്റ സിനിമ എന്നതിനേക്കാൾ നാലു പ്രണയസിനിമകളുടെ ഒരു ‘ആന്തോളജി’ ചിത്രമെന്ന് ‘ഒറ്റക്കൊരു കാമുകനെ’ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാൽ, ആ നാലു ആന്തോളജി ചിത്രങ്ങളെയും സിനിമ ബന്ധിപ്പിക്കുന്നുണ്ടുതാനും.

സിനിമ ചിന്തിപ്പിക്കുന്നതാവണം, മേസേജ് വേണം എന്നൊക്കെ നിർബന്ധബുദ്ധിയുള്ള പ്രേക്ഷകർക്ക് വേണ്ടിയുള്ളൊരു ചിത്രമല്ല ‘ഒറ്റക്കൊരു കാമുകൻ’. ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും വിരസതകളിൽ നിന്നും രണ്ടു രണ്ടര മണിക്കൂർ മാറിനിന്ന് ചിരിക്കാനും, രസിക്കാനും ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം എന്റർടെയ്നർ ചെയ്യിക്കും. നവാഗതരുടെ സിനിമയെന്ന രീതിയിൽ ഈ സിനിമയെ സമീപിച്ചാൽ, പ്രേക്ഷകന് തിരിച്ചു കിട്ടുന്നതെല്ലാം ബോണസാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook