1983ല്‍ ‘റിച്ചാര്‍ഡ്‌ ആറ്റന്‍ബറോയുടെ ‘ഗാന്ധി’യ്ക്കാണ് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ ലഭിച്ചത്.  ‘ഗാന്ധി’യ്ക്കൊപ്പം ‘എക്സ്ട്രാ ടെറസ്ട്ര്യലിനും കൂടി പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നില്ലേ?  ‘ദി മാട്രിക്സ്’ പോലൊരു ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശം പോലും ലഭിച്ചില്ല.  ജനപ്രിയ ചിത്രമായ ‘ദി വിസാര്‍ഡ് ഓഫ് ഓസ്‌’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുമായിരുന്നോ?   ഓസ്കര്‍ പോലുള്ള പുരസ്കാരങ്ങളില്‍  ജനപ്രിയത ഒരു പ്രധാന ഘടകം ആകേണ്ടതല്ലേ? പുരസ്‌കാര വിഭാഗത്തിന്റെ പരിമിതികള്‍ മൂലം മികച്ച ചിത്രങ്ങള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടതുണ്ടോ?

 

മികച്ച ജനപ്രിയ സിനിമയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള ഓസ്‌കര്‍ അക്കാദമിയുടെ പുതിയ  തീരുമാനത്തിനെതിരെ ഹോളിവുഡില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നത്.  മികച്ച ചിത്രത്തിനു പുറമെ മികച്ച ജനപ്രിയ ചിത്രം എന്നൊരു വിഭാഗം കൂടി പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുത്തുക, പുരസ്‌കാരദാന ചടങ്ങിന്റെ ടെലികാസ്റ്റിങ് സമയം മൂന്നു മണിക്കൂറായി വെട്ടിച്ചുരുക്കിക്കൊണ്ട് പ്രധാന മാറ്റങ്ങളാണ് ബുധനാഴ്ച അംഗങ്ങള്‍ക്കു നല്‍കിയ കത്തില്‍  അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്റ് സയന്‍സസ് പറഞ്ഞിരുന്നത്.   ഓസ്‌കര്‍ ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്യുന്ന ഡിസ്‌നിയുടെ എബിസി ഡിവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിപാടിയുടെ സമയം വെട്ടിച്ചുരുക്കാന്‍ അക്കാദമി തീരുമാനിച്ചിരിക്കുന്നത് എന്നാണ് സിനിമാ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷത്തെ പരിപാടിയുടെ റേറ്റിങ് കുറഞ്ഞതിനാലാണ് പുതിയ നടപടിയെന്നും പറയപ്പെടുന്നു.

ഓസ്‌കറില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഡിസ്‌നിയുടേയും എബിസിയുടേയും അധികാരികള്‍ അക്കാദമിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടിയുടെ ദൈര്‍ഘ്യം കുറയ്ക്കുക,  ആളുകൾക്ക് കൂടുതല്‍ പരിചയമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

ജനപ്രിയ ചിത്രം എന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരമൊരു തീരുമാനത്തിലൂടെ സിനിമാ വ്യവസായത്തിന്റെ മരണമാണ് നടന്നിരിക്കുന്നതെന്ന് പ്രശസ്ത അമേരിക്കന്‍ നടന്‍ റോബ് ലോ തന്റെ ട്വിറ്ററില്‍ കുറിച്ചു.   പരിഹാസ രൂപേണ ചില പുതിയ വിഭാഗങ്ങള്‍ കൂടി നിര്‍ദ്ദേശിച്ചാണ് ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ ആഡം മക്കെ ഈ തീരുമാനത്തെ വിമര്‍ശിച്ചത്. ‘ബ്ലാക്ക് പാന്തര്‍’ എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കാനായി ഉണ്ടാക്കിയ മാറ്റങ്ങളാണിത് എന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം, അക്കാദമിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരമൊരു തീരുമാനത്തിലൂടെ ഓസ്‌കര്‍ ചടങ്ങിനെ കൂടുതല്‍ ജനപ്രിയമാക്കുകയും ആളുകളെ കാണാന്‍ പ്രേരിപ്പിക്കുകയുമാണ് അക്കാദമി ചെയ്യുന്നതെന്ന് നിര്‍മാതാവ് ജാസണ്‍ ബ്ലം പ്രതികരിച്ചു.

“‘ദി ഗോഡ്ഫാദർ’, ‘ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വയ്’ പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിരുന്ന സ്റ്റുഡിയോകൾ ഇനിയൊരിക്കലും അത്തരം സിനിമകൾ ഉണ്ടാക്കില്ല. അത് സിനിമയെ മോശമായി ബാധിക്കും. പുരസ്കാരത്തിലേക്ക് പുതിയ വിഭാഗം ഉൾപ്പെടുത്തുന്നതിലൂടെ ഇത്തരം സിനിമകൾ ഉണ്ടാക്കാൻ സ്റ്റുഡിയോകളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് അക്കാദമി ചെയ്യുന്നത്. ‘ദി ഗോഡ്ഫാദർ’ ആ വർഷത്തെ മികച്ച ചിത്രവും മികച്ച ജനപ്രിയ ചിത്രവുമായിരുന്നു. സിനിമകളുടെ ആ സുവർണ കാലഘട്ടത്തിലേക്കു പോകാൻ എങ്ങനെയാണ് നമ്മൾ സ്റ്റുഡിയോകളെ പ്രചോദിപ്പിക്കുക? കൂടാതെ, മികവുണ്ടായിട്ടും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടാത്ത ചിത്രങ്ങൾക്കുകൂടി വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അക്കാദമി അംഗം പ്രതികരിച്ചതായി വാനിറ്റി ഫെയെര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി  അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്കർ എന്ന പേരിൽ അറിയപ്പെടുന്നത്. 24 വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകപ്പെടുന്നത്. മികച്ച ചിത്രം, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ലൈവ് ആക്ഷൻ ഷോട്ട്, മികച്ച ആനിമേഷൻ ചിത്രം, മികച്ച ഡോക്യുമെന്ററി ചിത്രം എന്നിവയും ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook