തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് (ഓസ്കാര്‍ 2021) പ്രഖ്യാപിച്ചപ്പോള്‍ ചരിത്രം മാറ്റിയെഴുതപ്പെട്ടു. ഓസ്കര്‍ നേടുന്ന പ്രായം കൂടിയ പുരുഷനായി ആന്റണി ഹോപ്കിന്‍സും (83 വയസ്സ്) പ്രായം കൂടിയ വനിതയായി ആന്‍ റോത്തും (89 വയസ്സ്) അക്കാദമി അവാര്‍ഡുകളില്‍ പുതിയൊരു ‘മൈല്‍സ്റ്റോണ്‍’ കുറിച്ചു. ‘ദി ഫാദര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായപ്പോള്‍, ‘മ റെയ്നീസ് ബ്ലാക്ക് ബോട്ടം’ എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ആന്‍ റോത്ത് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ നേടി.
ആന്റണി ഹോപ്കിന്‍സ്
ഇത് രണ്ടാം തവണയാണ് ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള അക്കാദമി പുരസ്കാരം നേടുന്നത്. ഇതിനു മുന്‍പ് അദ്ദേഹത്തിനു മികച്ച അഭിനേതാവിനുള്ള ഓസ്കര്‍ പുരസ്‌കാരം ലഭിച്ചത് 1994ലാണ് – ‘ദി സൈലെന്‍സ് ഓഫ് ദി ലാമ്പ്സ്’ എന്ന ചിത്രത്തിന്. ഇത് കൂടാതെ മൂന്ന് തവണ അദ്ദേഹത്തിനു ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് – ‘ദി റിമൈന്‍സ് ഓഫ് ദി ഡേ,’ ‘നിക്സന്‍,’ ‘ദി ടു പോപ്പ്സ്’, ‘അമിസ്റ്റാഡ്’ എന്നീ ചിത്രങ്ങള്‍ക്ക്. ഇന്ന് ഓസ്കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷന്‍ എന്ന റെക്കോര്‍ഡ് 83-ാം വയസ്സില്‍ ആന്റണി ഹോപ്കിന്‍സ് നേടുമ്പോള്‍ പിന്നിലാവുന്നത് ക്രിസ്റ്റഫര്‍ പ്ലംമ്മര്‍ ആണ്. 82-ാം വയസ്സിലാണ് ‘ബിഗിനേര്‍സ്’ എന്ന ചിത്രത്തിന് മികച്ച നടനുള്ള 2011ലെ ഓസ്കര്‍ പുരസ്കാരം നേടുന്നത്.
ആന്‍ റോത്ത്
‘മ റെയ്നീസ് ബ്ലാക്ക് ബോട്ടം’ എന്ന ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ നേടിയ ആന്‍ റോത്തിന്‍റെ രണ്ടാമത്തെ ഓസ്കറാണിത്. ഇതിനു മുന്‍പ് അവര്‍ക്ക് ഓസ്കര്‍ ലഭിച്ചത് ‘ദി ഇംഗ്ലീഷ് പേഷ്യന്റ്’ എന്ന ചിത്രത്തിനാണ്. നാല് തവണ അവര്‍ ഓസ്കറിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് – ‘ദി അവേര്‍സ്,’ ‘ദി ടാലന്‍റ്റഡ് മിസ്റ്റര്‍ റിപ്പ്ലി,’ പ്ലേസസ് ഇന്‍ ദി ഹാര്‍ട്ട്’ എന്നീ ചിത്രങ്ങള്‍ക്ക്. ‘മിഡ്നൈറ്റ് കൌബോയ്,’ ‘ദി ബേര്‍ഡ് കേജ്,’ ‘കോള്‍ഡ് മൌണ്‍റൈന്‍,’ ‘വിക്കെഡ്’ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ നൂറ്റിമുപ്പതോളം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട് ആന്‍ റോത്ത്.
Read Here: Oscars 2021 winners list: ഓസ്കാര്‍ പുരസ്കാരങ്ങള്‍, പൂര്‍ണ്ണ പട്ടിക