സിനിമോട്ടോഗ്രഫി, ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ്, ലൈവ് ആക്ഷൻ ഷോർട്ട് എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ ‘ഒാഫ് എയറി’ൽ നൽകാൻ തീരുമാനമെടുക്കുകയാണ് ഫിലിം അക്കാദമി. ചടങ്ങിന്റെ കൊമേർസ്യൽ ബ്രേക്കിനിടെയാവും ഈ അവാർഡുകൾ വിതരണം ചെയ്യുക. ഒാസ്കാർ ചടങ്ങ് മൂന്നു മണിക്കൂറിനകത്തേക്ക് ചുരുക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായിട്ടാണ് ഈ വർഷം മുതൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത്.

അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിന്റെ വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്കാർ ജേതാക്കളുടെ മറുപടി പ്രസംഗം ബ്രോഡ് കാസ്റ്റിനു ശേഷം oscar.com എന്ന വെബ്സൈറ്റിലൂടെയും ഫിലിം അക്കാദമിയുടെ സമൂഹമാധ്യമങ്ങളിലൂടെയും ലൈവ് സ്ട്രീം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പുതുക്കിയ ടൈം ഫ്രെയിം അംഗീകരിച്ചെന്നും എല്ലാവർക്കും അഭിമാനകരമാകുന്ന രീതിയിൽ ഷോ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഫിലിം​ അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലി ഒൗദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. വരും വർഷങ്ങളിൽ നാലു മുതൽ ആറ് റൊട്ടേറ്റിംഗ് കാറ്റഗറികൾ വരെ നിർത്തലാക്കാൻ ഉദ്ദേശിക്കുന്നതായും ഫിലിം അക്കാദമി അധികൃതർ വ്യക്തമാക്കി.

ഈ വർഷം മുതൽ ഏതാനും അവാർഡുകൾ കോമേഴ്സ്യൽ ബ്രേക്ക് സമയത്ത് വിതരണം ചെയ്ത് ബ്രോഡ്‌കാസ്റ്റിംഗ് ടൈം മൂന്നു മണിക്കൂറായി ചുരുക്കാനുള്ള പ്ലാനുകൾ നടക്കുന്ന കാര്യം കഴിഞ്ഞ ആഗസ്തിൽ തന്നെ ഫിലിം അക്കാദമി അറിയിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളുമൊക്കെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതൊന്നും കണക്കാക്കാതെ, ഫെബ്രുവരി 24 ന് നടക്കാൻ പോകുന്ന ഓസ്കാർ ഷോയുടെ അന്തിമ തീരുമാനവുമായി അക്കാദമി മുന്നോട്ട് പോവുകയാണ്.

ഫിലി അക്കാദമിയുടെ ഈ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അവാർഡിന് നാമനിർദ്ദേശം ലഭിച്ചവരും സിനിമാ ആരാധകരുമടക്കം നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. #PresentAll24 എന്ന ഹാഷ് ടാഗുമായി ഒരാഴ്ചയായി പ്രതിഷേധകരും രംഗത്തുണ്ട്.

“ഈ തീരുമാനങ്ങൾ ഒരു തരത്തിലും സിനിമകളെ ബാധിക്കുന്നില്ല. ഇത് ബ്രോഡ്‌കാസ്റ്റിംഗുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. ഓസ്കാർ എന്ന ഷോയെയും എന്റർടെയിൻമെന്റിനെയും കുറിച്ചുള്ള തീരുമാനമാണ്. അല്ലാതെ അക്കാദമി അവാർഡുകളുമായി ബന്ധപ്പെട്ട കാര്യമല്ല,” ‘റോമ’യുടെ സംവിധായകനും സിനിമോട്ടോഗ്രാഫറുമായി അൽഫോൺസോ ക്വറോൺ അഭിപ്രായപ്പെടുന്നു. ഈ മാസം ആദ്യത്തിൽ നടന്ന ഡയറക്ടേഴ്സ് ഗിൽഡ് അവാർഡിനിടെയായിരുന്നു അൽഫോൺസോ ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. “വ്യത്യസ്ത വിഭാഗങ്ങളിലുള്ള കലാകാരന്മാരെ ആഘോഷിക്കാനും അനുമോദിക്കാനുമാണ് അക്കാദമി അവാർഡുകൾ,” അൽഫോൺസോ കൂട്ടിച്ചേർത്തു.

കട്ട് കാറ്റഗറിയ്ക്ക് ഒപ്പം മറ്റു കാറ്റഗറികളിൽ കൂടി നാമനിർദ്ദേശമുള്ള ഏക വ്യക്തി കൂടിയാണ് അൽഫോൺസോ ക്വറോൺ. മികച്ച സംവിധായകൻ, മികച്ച ചിത്രം തുടങ്ങിയ കാറ്റഗറികളിലും ക്വറോൺ പരിഗണിക്കപ്പെടുന്നുണ്ട്. ഈ രണ്ടു കാറ്റഗറി അവാർഡുകളും ബ്രോഡ്‌കാസ്റ്റ് വേളയിലാണ് പ്രഖ്യാപിക്കപ്പെടുക.

ഫിലിം അക്കാദമിയുടെ ഈ പുതിയ മാറ്റം വരുത്തൽ അപമാനകരമാണെന്നാണ് ‘ബൊഹീമിയൻ റാപ്സോഡി’യുടെ എഡിറ്റർ ജോൺ ഓട്ട്മാൻ പ്രതികരിച്ചത്. കട്ട് കാറ്റഗറിയിലാണ് ജോൺ ഓട്ട്മാനും പരിഗണിക്കപ്പെടുന്നത്. ‘ബൊഹീമിയൻ റാപ്സോഡി’യുടെ സൗണ്ട് മിക്സർ പോൾ മാസ്സിയും അക്കാദമിയുടെ പുതിയ തീരുമാനത്തിൽ നിരാശനാണ്. ഷോ കാണാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും എന്തുപറയുമെന്നതാണ് പോൾ മാസ്സിയുടെ ആശങ്ക. പട്ടികയിൽ ഏറ്റവും പിറകിലെ കാറ്റഗറിയിലുള്ള നോമിനികൾക്ക് സ്റ്റേജിന് അടുത്തു സീറ്റ് നൽകുക എന്നൊരു നിർദ്ദേശവും പോൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook