മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ‘ദി ഷേപ്പ് ഓഫ് വാട്ടര്‍’, ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡിന് മികച്ച നടിയ്ക്കുള്ള പുരസ്ക്കാരം നേടി കൊടുത്ത ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി’ എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.

വായിക്കാം: ഓസ്കാര്‍ 2018, അവാര്‍ഡ്‌ വിവരങ്ങള്‍

കൊച്ചിയിലും തിരുവനന്തപുരത്തും മള്‍ട്ടിപ്ലെക്സുകളിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുള്ളത്. ഫോക്സ് സെര്‍ച്ച്‌ ലൈറ്റ് ആണ് ചിത്രത്തിന്‍റെ വിതരണക്കാര്‍.

മികച്ച ചിത്രം, സംവിധാനം, തിരക്കഥ, നടി എന്നിവ ഉള്‍പ്പടെ 13 ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുള്ള ചിത്രമാണ് ഗില്ലേര്‍മോ ദെല്‍ താദോ സംവിധാനം ചെയ്ത ‘ദി ഷേപ്പ് ഓഫ് വാട്ടര്‍.  മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ്‌ ഉള്‍പ്പടെ നാല് പുരസ്ക്കാരങ്ങളാണ് ഈ ചിത്രം നേടിയത്.

ഫാന്റസി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാലി ഹാക്കിങ്സ്, മൈകേല്‍ ഷാനന്‍, ഒക്ടാവിയ സ്പെന്‍സര്‍ തുടങ്ങിയവരാണ്  അഭിനേതാക്കള്‍. 1962ലെ ബാല്‍തിമോറിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രം സര്‍ക്കാര്‍ നടത്തുന്ന ഒരു രഹസ്യ ലാബില്‍ ജോലി ചെയ്യുന്ന എലിസാ എസ്പോസിതോ എന്ന മൂകയായ പെണ്‍കുട്ടിയേയും അവള്‍ ഇഷ്ടത്തിലാകുന്ന ഒരു ‘ആംഫിബിയന്‍ – ഹൂമനോയിഡിന്‍റെയും’ വിഭ്രമാത്മകമായ കഥ പറയുന്നതാണ്. 74-ാമത് വെനീസ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയന്‍ ഉള്‍പ്പെടെ ധാരാളം പുരസ്കാരങ്ങള്‍ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട് ‘ദി ഷേപ്പ് ഓഫ് വാട്ടര്‍’.

വായിക്കാം: മികച്ച നടിയുടെ പ്രസംഗത്തിന് എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ഓസ്കാര്‍ 

ഫ്രാന്‍സിസ് മക്ഡോമാണ്ട് എന്ന നടിയുടെ അഭിനയം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി’. 7 ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.    മികച്ച നടിയ്ക്കുള്ള പുരസ്കാരം (ഫ്രാന്‍സിസ് മക്ഡോമാണ്ട്), മികച്ച സപ്പോര്‍ട്ടിംഗ് ആക്ടര്‍ അവാര്‍ഡ്‌ (സാം റോക്ക്വെല്‍) എന്നിവയാണ് മാര്‍ട്ടിന്‍ മക്ഡോനാഗ് എഴുതി സംവിധാനം ചെയ്ത ഒരു ബ്ലാക്ക്‌ കോമഡി ഡ്രാമ ചിത്രം നേടിയത്.

കൊല്ലപ്പെട്ട മകളുടെ ഘാതകരെ കണ്ടു പിടിക്കാന്‍ നടക്കുന്ന അമ്മയായിട്ടാണ് അവര്‍ ഇതില്‍ വേഷമിട്ടിരിക്കുന്നത്. വൂഡി ഹരല്‍സന്‍, സാം റോക്ക്വെല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. മികച്ച ചിത്രം, നടി, സംഗീതം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പടെയാണ് ഓസ്കാര്‍ നോമിനേഷന്‍. ഗോള്‍ഡന്‍ ഗ്ലോബ്സ്, ബ്രിട്ടീഷ്‌ അക്കാദമി എന്നിവയില്‍ മികച്ച ചിത്രത്തിനും നടിയ്ക്കുമുള്ള പുരസ്കാരങ്ങള്‍ ലഭിച്ച ചിത്രമാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി’.

ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സസ് ആണ് പ്രധാനമായും അമേരിക്കന്‍ ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ലോക സിനിമയിലെ മികച്ച അവാര്‍ഡുകളില്‍ ഒന്നായി കരുതപ്പെടുന്നതാണ് വര്‍ഷാവര്‍ഷം നല്‍കി വരുന്ന ഈ പുരസ്കാരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ