90-ാമത് ഓസ്കർ പുരസ്കാര ചടങ്ങ് ആഘോഷമാക്കി മാറ്റി ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. കൈയ്യിൽ വൈൻ ഗ്ലാസും പിടിച്ച് കസേര ചാടിക്കടക്കുന്ന ജെന്നിഫറിന്റെ ചിത്രങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഓസ്കർ പുരസ്കാര ചടങ്ങുകൾ തുടങ്ങുന്നതിനു മുൻപായിട്ടായിരുന്നു ജെന്നിഫറിന്റെ ഈ കാട്ടിക്കൂട്ടലുകൾ.

കൈയ്യിൽ വൈൻ ഗ്ലാസും പിടിച്ച് തന്റെ ഇരിപ്പിടം തിരയുകയായിരുന്നു നടി. ഇതനിടയിലാണ് കസേരകൾ ചാടിക്കടന്നത്. ഒടുവിൽ ജെന്നിഫർ തന്റെ ഇരിപ്പിടം കണ്ടെത്തി. നടി എമ്മ സ്റ്റോണിനു വലതുവശത്തായി ജെന്നിഫർ ഇരിപ്പിടം പിടിച്ചു. ഇതിനിടയിൽ മറ്റു സഹതാരങ്ങളെ അഭിവാദനം ചെയ്യാനും നടി മറന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഓസ്കർ പുരസ്കാര ചടങ്ങിന് മികച്ച വസ്ത്രധാരണത്തിലൂടെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് 27 കാരിയായ ജെന്നിഫർ. ഡിയോർ ഡിസൈൻ ചെയ്ത ഓഫ് ഷോൾഡർ ഗൗൺ അണിഞ്ഞാണ് ജെന്നിഫർ റെഡ്കാർപെറ്റിൽ എത്തിയത്.

2012-ൽ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കർ, ഗോൾഡൻ ഗ്ലോബ് എന്നിവയടക്കം നിരവധി പുരസ്ക്കാരങ്ങൾ ജെന്നിഫർ നേടിയിട്ടുണ്ട്. ഇതിലൂടെ മികച്ച നടിക്കുള്ള ഓസ്കർ നേടിയ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ