പുരസ്കാരങ്ങൾ വാരിക്കൂട്ടി 89 -ാമത് ഓസ്‌കർ വേദിയിലെ തരംഗമായിരിക്കുകയാണ് ലാ ലാ ലാൻഡ്. ആറ് പുരസ്കാരങ്ങളാണ് ലാ ലാ ലാൻഡ് സ്വന്തമാക്കിയത്. മികച്ച സംവിധായകൻ, നടി, ഗാനം, സംഗീതം, പ്രൊഡക്ഷൻ ഡിസൈനൻ, ഛായാഗ്രഹണം തുടങ്ങിയ പുരസ്കാരങ്ങാണ് ലാ ലാ ലാൻഡ് സ്വന്തമാക്കിയത്.
മികച്ച പ്രൊഡക്ഷൻ ഡിസൈനിലൂടെയായിരുന്നു ലാ ലാ ലാൻഡിന്റെ പുര്സകാര കൊയ്‌ത്തിന്റെ തുടക്കം. പിന്നിടങ്ങോട്ട് അഞ്ച് പുരസ്കാരങ്ങൾ ലാ ലാ ലാൻഡിനെ തേടിയെത്തി. മികച്ച ഛായാഗ്രാഹകനുളള അവാർഡാണ് രണ്ടാമതായി ഈ ചിത്രത്തെ തേടിയെത്തിയത്. ലിനസ് സാഗ്രനാണ് പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച ഒറിജിനൽ സ്കോറിലൂടെ ജസ്റ്റിൽ ഹൂവിറ്റ്സ് ലാ ലാ ലാൻഡിന് വേണ്ടി മൂന്നാമത്തെ ഓസ്‌കർ സ്വന്തമാക്കി. മികച്ച ഒറിജിനൽ ഗാനത്തിലൂടെ ലാ ലാ ലാൻഡ് നാലാമത്തെ പുരസ്കാരവും സ്വന്തമാക്കി. സിറ്റി ഓഫ് സ്റ്റാഴ്സ് ആണ് ഈ വർഷത്തെ മികച്ച ഗാനത്തിനുളള അവാർഡ് സ്വന്തമാക്കിയത്.
ഈ വർഷത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ലാ ലാ ലാൻഡ് ഒരുക്കിയ ഡേമിയൽ ഷെസലാണ്. ഓസ്‌കർ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ് ഡേമിയൽ ഷെസൽ. മികച്ച നടിയായി എമ്മാ സ്റ്റോണും ഓസ്‌കർ സ്വന്തമാക്കിയപ്പോൾ ലാ ലാ ലാൻഡിന്റെ പുരസ്കാരങ്ങളുടെ എണ്ണം ആറായി.
മികച്ച ചിത്രമായി ലാ ലാ ലാൻഡിനെ പ്രഖ്യാപിച്ചുവെങ്കിലും അതൊരു പിഴവായി സംഘാടകർ തിരുത്തുകയായിരുന്നു.