89-ാമത് ഓസ്കർ വേദിയിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള അവാർഡ് സ്വന്തമാക്കിയിരിക്കുന്നത് അസ്ഗർ ഫർഹാദിയുടെ ദ സെയിൽസ്മാനാണ്. അമേരിക്കയിലെ നിലവിലെ രാഷ്ട്രീയാവസ്ഥയിൽ ഒരു ഇറാൻ ചിത്രം ഓസ്കർ നേടുന്നതിന് ഒരുപാട് പ്രത്യേകതകളുണ്ട്.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തെ തുടർന്ന് പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സംവിധായകനായ അസ്ഗർ ഫർഹാദി എത്തിയില്ല. പകരം അദ്ദേഹം എഴുതി നൽകിയ കുറിപ്പ് വേദിയിൽ വായിക്കുകയാണുണ്ടായത്.
യുഎസ് പ്രസിഡന്റിന്റെ മനുഷ്വത്വരഹിതമായ നടപടിക്കെതിരെയുളള പ്രതിഷേധമാണ് ഈ ചടങ്ങ് ബഹിഷ്കരണത്തിന് കാരണമെന്ന് അസ്ഗർ ഫർഹദിയുടെ കുറിപ്പിൽ പറയുന്നു.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ:
“രണ്ടാം തവണയും ഓസ്കർ അവാർഡ് നേടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ രാത്രി ഞാൻ നിങ്ങളുടെ കൂടെ ഇല്ലാത്തതിന് ക്ഷമ ചോദിക്കുന്നു. എന്റെ ഈ അഭാവം, യുഎസ് പ്രസിഡന്റ് പ്രവേശനാനുമതി നിഷേധിച്ച എന്റെ രാജ്യത്തുളള ജനങ്ങളോടും മറ്റുളള ആറ് രാജ്യങ്ങളിൽ നിന്നുളളവരോടുമുളള ബഹുമാനാർത്ഥമാണ്.” – അസ്ഗർ പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ അടക്കമുളള ഏഴ് രാജ്യങ്ങളിലുളളവർക്ക് വിസ നിഷേധിക്കുകയും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുകൊണ്ട് ചിത്രത്തിലെ നായികയും ഓസ്കർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നില്ല.