എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ആർആർആറി’നെ കുറിച്ച് ഓസ്കാർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ഒരു ട്വിറ്റർ ഉപയോക്താവ് ആർആർആറിനെ ‘മാലിന്യം’ എന്ന് വിളിച്ചതിനോട് പ്രതികരിച്ചാണ് റസൂൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആർആർആർ ‘ഗേയായ ഒരു കാമുകന്റെ കഥ’യാണെന്നായിരുന്നു റസൂൽ പറഞ്ഞത്. മറ്റൊരു ട്വീറ്റിൽ, ആർആർആറിലെ ആലിയ ഭട്ടിന്റെ കഥാപാത്രത്തെയും റസൂൽ പരിഹസിച്ചു. “ആലിയ ചിത്രത്തിലെ ഒരു പ്രോപ് ആണ്,” എന്നും റസൂൽ ട്വീറ്റ് ചെയ്തു.

തന്റെ അഭിപ്രായങ്ങൾ വിവാദമായതോടെ വീണ്ടും ട്വീറ്റുമായി റസൂൽ എത്തി. “ഞാൻ ഇതിനകം പൊതുസമൂഹത്തിൽ ഉണ്ടായ അഭിപ്രായങ്ങളെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്, വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല,” ട്വീറ്റിൽ റസൂൽ കുറിച്ചു. ആർആർആറിൽ ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയത്തെ അന്തർദ്ദേശീയ തലത്തിലുള്ള പ്രേക്ഷകരിൽ ഒരു വിഭാഗമെങ്കിലും ‘ഗേ റൊമാൻസ്’ ആയിട്ടാണ് കണ്ടത് എന്നത് ഒരു വസ്തുതയാണ്.
റസൂൽ പൂക്കുട്ടിയുടെ പരാമർശത്തോട് പ്രതികരിച്ചു കൊണ്ട് ബാഹുബലി നിർമ്മാതാവായ ഷോബു യാർലഗദ്ദയും രംഗത്തെത്തി. സ്വവർഗ്ഗ പ്രണയകഥയാണെങ്കിൽ തന്നെ അതെങ്ങനെ മോശമായ കാര്യമാവുമെന്നാണ് ഷോബു ചോദിക്കുന്നത്. “നിങ്ങൾ പറയുന്നതുപോലെ ആർആർആർ ഒരു സ്വവർഗ്ഗാനുരാഗി പ്രണയകഥയാണെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ അങ്ങനെയാണെങ്കിൽ പോലും, ‘സ്വവർഗ പ്രണയകഥ’ ഒരു മോശം കാര്യമാണോ? നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാനാകും? ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച ഒരാൾക്ക് ഇങ്ങനെ താഴ്ന്നുപോകാൻ കഴിഞ്ഞെന്നത് അങ്ങേയറ്റം നിരാശാജനകമാണ്,” എന്നാണ് ഷോബു യാർലഗദ്ദ ട്വീറ്റിൽ ചോദിക്കുന്നത്.
ഷോബുവിന്റെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും സ്വവർഗ പ്രണയ കഥ ആണെങ്കിലും കുഴപ്പമില്ലെന്നും പിന്നീട് റസൂൽ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും റസൂൽ പറഞ്ഞു.
ബ്രിട്ടീഷ് രാജിനെതിരായ പോരാടിയ രണ്ടു നേതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ നിന്നും 1000 കോടിയിലധികം രൂപയാണ് ആർആർആർ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന രാജമൗലിയുടെ തുടർച്ചയായ രണ്ടാമത്തെ ചിത്രമായി ആർആർആർ മാറി. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.