കേരളത്തിലെ സിനിമാപ്രേമികൾക്കിടയിലും ഏറെ ആരാധകരുള്ള ഇറാനിയൻ സംവിധായകനാണ് അസ്ഗർ ഫർഹാദി. 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് അസ്ഗർ ഫർഹാദിയുടെ എവരിബഡി നോസ് ആയിരുന്നു.
രണ്ടു തവണ ഓസ്കാർ നേടിയിട്ടുള്ള അസ്ഗർ ഫർഹാദിയുടെ പുതിയ ചിത്രം ‘എ ഹീറോ’യുടെ ആശയം മോഷ്ടിക്കപ്പെട്ടതാണെന്ന് ഇറാൻ കോടതി കണ്ടെത്തി. തന്റെ ചലച്ചിത്ര വിദ്യാർത്ഥിയായ മസിഹ്സാദെ നിർമ്മിച്ച ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കിയാണ് ഫർഹാദി ‘ഹീറോ’ നിർമ്മിച്ചതെന്നാണ് ഇറാൻ കോടതി കണ്ടെത്തിയിരിക്കുന്നത്. മസിഹ്സാദെക്ക് ക്രെഡിറ്റ് നൽകാതെ ഡോക്യുമെന്ററിയുടെ പ്രധാന ഘടകങ്ങൾ തന്റെ സിനിമയ്ക്കായി ഫർഹാദി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ കോടതി പകർപ്പവകാശം ലംഘിച്ചതിന് ഫർഹാദി കുറ്റക്കാരനെന്ന് വിധിയെഴുതി.
ഈ കേസിൽ, സിനിമ തിയേറ്ററുകളിലോ ഓൺലൈനിലോ പ്രദർശിപ്പിച്ച് ലഭിച്ച എല്ലാ വരുമാനവും മസിഹ്സാദെക്ക് കൈമാറുന്നതിനൊപ്പം തന്നെ ഫർഹാദി ജയിൽവാസം അനുഭവിക്കേണ്ടിയും വരുമെന്ന് ദ ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുകയും ഗ്രാൻഡ് ജൂറി സമ്മാനം നേടുകയും ചെയ്ത ചിത്രമാണ് ‘എ ഹീറോ’. ഇതുവരെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 2.5 മില്യൺ ഡോളർ ചിത്രം നേടിയിട്ടുണ്ട്. ആമസോൺ പ്രൈം യുഎസ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കഥ തന്റേതെന്ന് വാദമുന്നയിച്ച ഫർഹാദി മസിഹ്സാദെക്ക് കഥയ്ക്ക് ക്രെഡിറ്റ് നൽകിയിരുന്നില്ല. മാത്രമല്ല, മസിഹ്സാദെയ്ക്ക് എതിരെ ഫർഹാദി മാനനഷ്ടകേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഫർഹാദി തന്റെ യഥാർത്ഥ കൃതി കോപ്പിയടിച്ചതാണെന്ന് ചൂണ്ടികാട്ടി മസിഹ്സാദെയും കേസ് ഫയൽ ചെയ്യുകയായിരുന്നു. ഒടുവിൽ ഇറാനിയൻ കോടതി രണ്ട് ഹർജികളും മസിഹ്സാദെക്ക് അനുകൂലമായി തീർപ്പാക്കുകയായിരുന്നു. മസിഹ്സാദെയ്ക്ക് എതിരെയുള്ള മാനനഷ്ടക്കേസ് തള്ളിയ കോടതി ഫർഹാദി കഥ മോഷ്ടിച്ചെന്ന് കണ്ടെത്തുകയും ചെയ്തു.
അസ്ഗര്‍ ഫര്‍ഹാദിയുടെ പ്രശസ്ത സിനിമകളായ ‘എബൗട്ട് എല്ലി’,’എ സെപ്പറേഷന്‍’,’ദ പാസ്റ്റ്’, ‘ദ സെയില്സ്മാന്’ എന്നിവ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയും, അവയില്‍ ചിലത് പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2009 ല്‍ ഐഎഫ്എഫ്കെയില് ‘എബൗട്ട് എല്ലി’ ഗോള്‍ഡന്‍ ക്രൗ ഫെസന്റ് പുരസ്കാരം നേടിയിരുന്നു. പിന്നീട് 2011 ല്‍ ‘എ സെപ്പറേഷനും’ 2016 ല്‍ ‘ദ സെയില്‍സ്മാനും’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ‘ദി സെയില്സ്മാന്’ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ സ്വന്തമാക്കിയ ചിത്രമാണ്.
Read more: IFFK 2018: അസ്ഗാന് ഫര്‍ഹാദി; രാജ്യം വിടേണ്ടി വരുന്ന സിനിമയും രാഷ്ട്രീയവും