തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി. പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് സോണിക്ക് വിറ്റെന്ന ആരോപണവും അതിനെ ചൊല്ലിയുള്ള വിവാദങ്ങളും തന്നെ ഏറെ വേദനിപ്പിക്കുന്നു എന്നും, ഉത്തരേന്ത്യയിലെ പോലെ ജാതി മത ചിന്തകള്‍ കുത്തിവച്ച് കേരളത്തിലെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഓഡിയോ പകര്‍പ്പവകാശം ‘സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക് സ്വന്തമാക്കുകയും ഇതുവഴി പൂരവുമായി ബന്ധപ്പെട്ട വീഡിയോകളും ഓഡിയോകളും വിലക്കുന്നു എന്നാണ് ആരോപണം. പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, പഞ്ചാരിമേളം എന്നിവയ്‌ക്കെല്ലാം വിലക്കുനേരിടുന്നതായി പരാതിയുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്, അതില്‍ ഏതെങ്കിലും കമ്പനിക്ക് കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഈ ആരോപണത്തില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീഡിയോ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജാതിമത വിഭാഗീയത ചിന്തകള്‍ കോര്‍ത്തിണക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടെന്ന് ഈ വിവാദം തന്നെ ചിന്തിപ്പിച്ചെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. പ്രബുദ്ധരായ മലയാളികള്‍ ഇതുപോലുള്ള ചര്‍ച്ചകളില്‍ നിന്ന് മാറിനില്‍ക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനര്‍ എന്ന നിലക്കാണ്. റെക്കോര്‍ഡ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമ. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും റസൂല്‍ വ്യക്തമാക്കി. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് തന്റെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook